കോഴിക്കോട്: കുന്ദമംഗലത്ത് മന്ത്രവാദത്തിന്റെ പേരിൽ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായ പ്രതിയുടെ സഹായിയായ സ്ത്രീയും പിടിയിൽ. പാലാംകോട്ടില്‍ സഫൂറ (41) ആണ് അറസ്റ്റിലായത്.
മുഖ്യപ്രതി മലപ്പുറം കാവനൂർ അബ്ദുറഹ്മാനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മന്ത്രവാദ ചികില്‍സയ്ക്കെന്ന പേരിൽ 19 വയസ്സുകാരിയെ മടവൂരിലെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് അബ്ദുറഹ്മാന് എതിരായ പരാതി.
പീഡനത്തിന് എല്ലാവിധ ഒത്താശയും സഹായവും ചെയ്തു നൽകിയെന്നാണ് സഫൂറയ്ക്ക് എതിരായ പരാതി. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഫൂറയെ കസ്റ്റഡിയിലെടുത്തത്. കുറ്റം സമ്മതിച്ചതിനു പിന്നാലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
വയറുവേദന മാറ്റാമെന്നു പറഞ്ഞാണ് പെൺകുട്ടിയെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയത്. ഭർത്താവിനൊപ്പമാണ് യുവതി ഇവിടെ എത്തിയത്. എന്നാൽ, സംശയമൊന്നും തോന്നാതിരിക്കാൻ സഫൂറയ്ക്കൊപ്പമാണ് ഇവരെ ലോഡ്ജിനുള്ളിലേക്കു കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ ചികിത്സയെക്കുറിച്ച് സഫൂറ പെൺകുട്ടിക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ, ലോഡ്ജിനുള്ളിൽ എത്തിച്ച ശേഷം അബ്ദുറഹ്മാൻ ഇവരെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു