ദുബൈ: അടുത്ത സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചാ അനുമാനം പുതുക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. 2024ൽ രാജ്യത്തിന്റെ ജി.ഡി.പി വളർച്ച 5.7 ശതമാനമാകുമെന്നാണ് പുതിയ പ്രവചനം. 4.3 ശതമാനം വളർച്ച നേടുമെന്നായിരുന്നു മുമ്പ് പ്രവചിച്ചിരുന്നത്. നടപ്പു സാമ്പത്തികവർഷം ആകെ ജി.ഡി.പി വളർച്ച 3.1 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
2023ൽ 5.9 ശതമാനവും അടുത്ത വർഷം 4.7 ശതമാനവും എണ്ണ ഇതര ജി.ഡി.പി വളർച്ച പ്രതീക്ഷിക്കുന്നു. അതേസമയം, 2024ൽ എണ്ണയുമായി ബന്ധപ്പെട്ട മേഖലയിലെ ജി.ഡി.പി വളർച്ച 8.1 ശതമാനമായി കണക്കാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ എട്ടു ശതമാനവുമായി താരതമ്യംചെയ്യുമ്പോൾ, നടപ്പുവർഷത്തിന്റെ രണ്ടാം പാദത്തിൽ യു.എ.ഇ സമ്പദ്വ്യവസ്ഥ 3.8 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തിയതായും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സമ്പദ്വ്യവസ്ഥയിലെ എണ്ണയിതര മേഖലകളായ ഫിനാൻഷ്യൽ സർവിസസ്, ഇൻഷുറൻസ്, കെട്ടിടനിർമാണം, വൻകിട-ചെറുകിട വ്യാപാരം എന്നിവ നയിക്കുന്ന എണ്ണയിതര സമ്പദ്വ്യവസ്ഥയിൽ 2023, 2024 വർഷങ്ങളിൽ യഥാക്രമം 5.9, 4.7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തെ ഏകീകരിച്ച മിച്ച വരുമാനം 47.4 ശതകോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു