സിറ്റി: രാജ്യത്ത് ലഹരിമാഫിയക്കെതിരായ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മയക്കുമരുന്നും ആയുധങ്ങളുമായി 23 പേര് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 27 കി.ഗ്രാം ഹഷീഷ്, 24,000 സൈക്കോട്രോപിക് ഗുളികകൾ, മദ്യക്കുപ്പികൾ, കഞ്ചാവ് തൈകൾ, തോക്കുകൾ എന്നിവ പ്രതികളില്‍നിന്നും കണ്ടെത്തി.
രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനയിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാര്‍കോട്ടിക്സ് അറിയിച്ചു. ലഹരിമരുന്ന് വില്പന നടത്തിയ പണവും പ്രതികളില്‍നിന്ന് കണ്ടെടുത്തു.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായ പരിശോധനകൾ നടത്തുന്നതിന്റെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലാകുന്നവർക്ക് കനത്ത ശിക്ഷ നൽകും. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ 112 എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിന്റെ ഹോട്ട്ലൈനിലേക്കോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു