കുവൈത്ത് സിറ്റി: അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ആദരാഞ്ജലികൾ അർപ്പിച്ച് യു.എൻ ജനറൽ അസംബ്ലി.
മുൻ അമീറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ യു.എൻ ജനറൽ അസംബ്ലി പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. സെഷന്റെ ആരംഭത്തിൽ അന്തരിച്ച അമീറിനെ അനുശോചിച്ചും ആദരിക്കുന്നതിനുമായി സഭ ഒരു മിനിറ്റ് മൗനം ആചരിച്ചു.
ക്ഷമയുടെയും സമാധാനത്തിന്റെയും അമീർ
അന്തരിച്ച അമീറിനെ ജ്ഞാനത്തിന്റെയും ക്ഷമയുടെയും സമാധാനത്തിന്റെയും അമീർ എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ വേർപാടിന്റെ ദുഃഖത്തിൽ ഞങ്ങൾ ഒന്നിക്കുന്നു. കുവൈത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് ശൈഖ് നവാഫ് തന്റെ ജീവിതം സമർപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ അതിരുകൾക്കപ്പുറം അന്തരിച്ച അമീർ ആദരണീയനായ ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. പ്രതിരോധ നയതന്ത്രത്തിന്റെ നിശ്ചയദാർഢ്യമുള്ള നേതാവും, പ്രാദേശികവും ആഗോളവുമായ സ്ഥിരതയുടെയും സമാധാനത്തിന്റെയും ഉറച്ച ശബ്ദമായിരുന്നു അദ്ദേഹമെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു. പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഗുട്ടറസ് ആശംസകൾ നേർന്നു. ഐക്യരാഷ്ട്രസഭ കുവൈത്തുമായുള്ള ശക്തമായ പങ്കാളിത്തവും സൗഹൃദവും തുടരുമെന്നും വ്യക്തമാക്കി.
അമീറിന്റെ പൈതൃകത്തെ ബഹുമാനിക്കുക
ശൈഖ് നവാഫിന്റെ ഭരണകാലം പൊതുസേവനത്താലും ഐക്യം, അന്തസ്സ്, ഐക്യദാർഢ്യം എന്നീ തത്ത്വങ്ങളോടുള്ള പ്രതിബദ്ധതയാലും അടയാളപ്പെടുത്തിയിരുന്നുവെന്നും രാജ്യത്തും വിദേശത്തും നയതന്ത്ര മികവിന് അദ്ദേഹം പ്രശസ്തനായിരുന്നുവെന്നും യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
അന്തരിച്ച അമീർ കുവൈത്തിനെ പുരോഗതിയിലേക്ക് നയിക്കുകയും ബഹുമുഖത്വത്തിന്റെ പാരമ്പര്യം നിലനിർത്തുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എൻ മനുഷ്യാവകാശ കൗൺസിലിലേക്കുള്ള കുവൈത്തിന്റെ തെരഞ്ഞെടുപ്പ് കൂടുതൽ സമാധാനപൂർണമായ ലോകത്തിനായുള്ള അന്തരിച്ച അമീറിന്റെ കാഴ്ചപ്പാടിന്റെ പ്രതീകമാണെന്ന് ഫ്രാൻസിസ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന് ആ കാഴ്ചപ്പാട് സഹായകമാകും. അമീറിന്റെ പൈതൃകത്തെ ബഹുമാനിക്കാൻ യു.എൻ ജനറൽ അസംബ്ലിയോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ഗൾഫ് കുടുംബത്തിന് ഒരു തൂൺ നഷ്ടമായി
കുവൈത്ത് മുൻ അമീറിന്റെ നിര്യാണത്തിലൂടെ ഗൾഫ് കുടുംബത്തിന് അതിന്റെ ഒരു തൂണാണ് നഷ്ടമായതെന്ന് ഖത്തർ പ്രതിനിധി പറഞ്ഞു. പ്രാദേശിക ഐക്യത്തിനും കുവൈത്തിന്റെ നവോത്ഥാനത്തിനും അമീർ സംഭാവന നൽകിയെന്നും സൂചിപ്പിച്ചു. എല്ലാവർക്കും ദേശീയമായും അന്തർദേശീയമായും ന്യായമായ കാരണങ്ങൾ സംരക്ഷിക്കുന്ന മാന്യനായി അമീറിനെ അറിയാമെന്ന് ഈജിപ്ത് പ്രതിനിധി പറഞ്ഞു.
മറ്റ് പ്രഭാഷകരും അമീർ സ്വദേശത്തും വിദേശത്തും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹത്തിന്റെ പിൻഗാമി, കുടുംബം, രാജ്യം, ആളുകൾ എന്നിവരോട് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ആത്മാർഥമായ വാക്കുകൾക്കും അനുശോചനത്തിനും യു.എന്നിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി തരീഖ് അൽബന്നായി നന്ദി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു