ദുബൈ: നിർമാണസ്ഥലങ്ങളിൽ തൊഴിലാളികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവത്കരണവുമായി ദുബൈ മുനിസിപ്പാലിറ്റി. ‘സേഫ്റ്റി ടെന്റ്’ എന്നപേരിൽ തൊഴിലാളികളുടെ ഒത്തുകൂടൽ ജബൽ അലിയിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഒരുക്കിയത്. പ്രധാനപ്പെട്ട നിയമങ്ങൾ, മുന്നൊരുക്കങ്ങൾ, വ്യക്തികൾ പാലിക്കേണ്ട രീതികൾ, അപകടങ്ങളും പരിക്കുകളും മറ്റു ഗുരുതരമായ സാഹചര്യവും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയാണ് പരിപാടിയിൽ വിശദീകരിക്കുന്നത്.
പ്രദേശത്തെ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ പരിചിതമായ ഉർദു ഭാഷയിലാണ് ബോധവത്കരണം നടത്തിയത്. ഇതോടൊപ്പം ശാരീരികാരോഗ്യ ബോധവത്കരണ വർക്ഷോപ്പും ദുബൈ ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഒരുക്കിയിരുന്നു. ദുബൈയിലെ എല്ലാ നിർമാണ മേഖലകളിലും തൊഴിലാളികൾക്കിടയിലും സുരക്ഷാ ബോധവത്കരണം എത്തിക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. എൻജിനീയർമാർ, കൺസൽട്ടന്റുമാർ, സൂപ്പർവൈസർമാർ, സാധാരണ തൊഴിലാളികൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരിലും ബോധവത്കരണ സന്ദേശം എത്തിക്കുന്നുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റി ബോധവത്കരണ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നത്. തൊഴിലാളികളെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി നിർമാണ സൈറ്റുകളിൽ നൂതന ഉപകരണങ്ങളുടെ ഉപയോഗത്തിന് മുൻഗണന നൽകുന്നതിനും മുനിസിപ്പാലിറ്റി പ്രോത്സാഹനം നൽകുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു