ദോഹ: അന്താരാഷ്ട്ര പ്രശസ്തമായ ‘ക്വാക്കർ’ ബ്രാൻഡിന്റെ ഓട്സ് ഉൽപന്നങ്ങളിൽ ചില ബാച്ചിന്റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. 2024 ജനുവരി ഒമ്പത്, മാർച്ച് 12, ജൂൺ മൂന്ന്, ആഗസ്റ്റ് രണ്ട്, സെപ്റ്റംബർ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികളിൽ കാലാവധി തീരുന്ന ബാച്ച് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
ഇവയിൽ ‘സാൽമൊണെല്ല’ എന്ന ബാക്ടീരിയയുടെ സാന്നിധ്യം യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) സ്ഥിരീകരിക്കുകയും കമ്പനി അധികൃതർ ഇവ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. സാൽമൊണെല്ലയിലൂടെ ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്നാണ് അറിയിപ്പ്.
പൊതുജനങ്ങൾ നേരത്തേ വാങ്ങിയ ഉൽപന്നങ്ങൾ മുകളിൽ സൂചിപ്പിച്ച തീയതികളിൽ കാലാവധി തീരുന്നതാണെങ്കിൽ ഔട്ട്ലെറ്റിലേക്ക് തിരികെ നൽകാനോ അവ നശിപ്പിക്കാനോ പൊതുജനാരോഗ്യ മന്ത്രാലയം ഉപഭോക്താക്കളോട് നിർദേശിച്ചു. ഈ ബാച്ച് ഉൽപന്നങ്ങളുടെ വിപണനം നിർത്താനും പിൻവലിക്കാനും ബന്ധപ്പെട്ടവർ നിർദേശം നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു