ദോഹ: ഒന്നര മാസം മുമ്പായിരുന്നു വയനാട് മുസ്ലിം യതീംഖാനയുടെ ആവശ്യവുമായി എം.എ. മുഹമ്മദ് ജമാൽ എന്ന, എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ‘ജമാൽക്ക’ അവസാനമായി ഖത്തറിലെത്തുന്നത്. ശാരീരിക അവശതകൾക്കിടയിൽ ഈ യാത്ര ഒഴിവാക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും സ്നേഹപൂർവം ആവശ്യപ്പെട്ടുവെങ്കിലും തന്റെ തണലിൽ ജീവിതം സ്വപ്നംകാണുന്ന അനാഥകൾക്കുവേണ്ടിയുള്ള യാത്ര ഒഴിവാക്കാൻ അദ്ദേഹം തയാറായിരുന്നില്ല. അങ്ങനെയാണ് ഒക്ടോബറിൽ ഡബ്ല്യൂ.എം.ഒ ജോയന്റ് സെക്രട്ടറി മായൻ മണിമ, ഡോ. കെ.ടി. അഷ്റഫ് എന്നിവർക്കൊപ്പം ദോഹയിലെത്തുന്നത്.
നാട്ടുകാരെയും പ്രിയപ്പെട്ടവരെയും കാണാനും തന്റെ അനാഥരായ മക്കളുടെ ആവശ്യങ്ങൾക്കുമായി എത്തിയ ജമാൽക്കയെ ഇത്തവണ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. ഖത്തറിലെത്തി രണ്ടാംദിനം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞശേഷം, രണ്ടാഴ്ച മുമ്പായിരുന്നു കോഴിക്കോട് എത്തിച്ചത്.
ആയിരക്കണക്കിന് അനാഥകൾക്ക് താങ്ങും തണലുമായി നിന്ന ജമാൽക്കയെ കുറിച്ച് ഓർത്തെടുക്കാൻ ഖത്തറിലെ പ്രവാസികൾക്ക് നൂറായിരം ഓർമകളുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും യതീംഖാനയുടെ ആവശ്യങ്ങളുമായി അദ്ദേഹം ദോഹയിലേക്ക് വിമാനം കയറി. നിസ്വാർഥമായ സേവനംകൊണ്ട് അനാഥകളുടെ ഉപ്പയും സംരക്ഷകനുമായി മാറിയ അദ്ദേഹത്തിന് ഖത്തറിലേക്കുള്ള യാത്രകൾ ഒരിക്കലും വെറുതെയായില്ല.
ഡബ്ല്യൂ.എം.ഒ ഖത്തർ ചാപ്റ്റർ നേതൃത്വത്തിലായിരുന്നു യതീംഖാനയുടെ പ്രവർത്തനങ്ങൾ ഇവിടെ ഏകോപിപ്പിച്ചത്. ജി.സി.സി രാജ്യങ്ങളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ചാപ്റ്റർ എന്നനിലയിൽ ഖത്തറിലെ പ്രവർത്തകരോട് അദ്ദേഹം ഹൃദ്യമായ ബന്ധം നിലനിർത്തിയിരുന്നെന്ന് സെക്രട്ടറി കൂടിയായ റഈസ് വയനാട് ഓർക്കുന്നു. ഡബ്ല്യൂ.എം.ഒക്ക് സ്ഥിര വരുമാനം ഒരുക്കുന്ന നിരവധി സംരംഭങ്ങളാണ് ഖത്തർ ചാപ്റ്റർ നേതൃത്വത്തിൽ നടപ്പാക്കിയത്. അതിൽ ശ്രദ്ധേയമാണ് മുട്ടിലിലെ ഖത്തർ ബേക്കറി ആൻഡ് റസ്റ്റാറന്റ്. സ്കൂൾ കെട്ടിടവും ഹോസ്റ്റലും ഉൾപ്പെടെ നിർമാണങ്ങളിലും ഖത്തർ ചാപ്റ്റർ സജീവമായിരുന്നു. കഴിഞ്ഞ മാർച്ചിലും പ്രവർത്തകരെയും അനുഭാവികളെയും കാണാനും സംസാരിക്കാനും ജമാൽക്ക ഖത്തറിലെത്തിയതായി ഓർക്കുന്നു.
സാമ്പത്തിക സഹായം എന്നതിനപ്പുറം, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും യതീംഖാനയുമായി അടുപ്പിക്കാൻ ശ്രമിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ശൈലി. വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരെയും പ്രഫഷനലുകളെയുമെല്ലാം തന്റെ സ്ഥാപനങ്ങളിലേക്ക് ക്ഷണിക്കുകയും അവരുടെ അനുഭവങ്ങളും അറിവും പങ്കുവെക്കാൻ താൽപര്യപ്പെടുകയും ചെയ്യുന്ന സംഘാടകനായിരുന്നു ജമാൽക്കയെന്ന് അദ്ദേഹവുമായി 13 വർഷത്തോളമായി ബന്ധം നിലനിർത്തുന്ന അഡ്വ. മുഹമ്മദ് ഇഖ്ബാൽ ഓർക്കുന്നു.
കെ.എം.സി.സി വയനാട് അനുശോചിച്ചു
ദോഹ: വയനാട് മുസ്ലിം യതീംഖാനയുടെ സാരഥിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ എം.എ. മുഹമ്മദ് ജമാലിന്റെ നിര്യാണത്തിൽ വയനാട് ജില്ല കെ.എം.സി.സി ഖത്തർ കമ്മിറ്റി അനുശോചിച്ചു. ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിനെ മാതൃകയാക്കി വരുംതലമുറക്ക് മാതൃകയാക്കാവുന്ന തരത്തിൽ ജീവിതത്തെ പക്വതയോടെ ചിട്ടപ്പെടുത്തി ജീവിച്ച സാത്വികനായിരുന്നു മുഹമ്മദ് ജമാൽ എന്ന് ജില്ല കമ്മിറ്റിയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു