കൊച്ചി : ക്രിസ്മസും പുതുവത്സരവും എത്തിയതോടെ ബംഗളുരുവില്‍ നിന്നു കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ സ്വകാര്യ ബസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു.ഭൂരിഭാഗം സ്വകാര്യ ബസുകളും ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. വിമാന നിരക്കുകളിലും വന്‍ വര്‍ധനയുണ്ടായി. ഇത്തവണ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇല്ലാത്തതു പ്രതിസന്ധിയുടെ ആഴം കൂട്ടി.
നാട്ടിലെത്താന്‍ വഴിയില്ലാതെ സാധാരണക്കാര്‍ വലയുകയാണ്. കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കെ എസ് ആര് ടി സി അറിയിച്ചു. ബെംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് നിരക്ക് 3250 മുതല്‍ 3500 രൂപ വരെയാണ്. നാളെ കണ്ണൂരിലെത്താന്‍ സ്വകാര്യ എ സി സ്ലീപ്പര്‍ ബസില്‍ ഈടാക്കുന്നത് 2,999 രൂപയാണ്. സെമി സ്ലീപ്പറെങ്കില്‍ 2495 രൂപ. മറ്റന്നാല്‍ 2800 മുതല്‍ 3000 വരെ നല്‍കണം.
നാല് അംഗങ്ങളുളള ഒരു കുടുംബത്തിന് കേരളത്തിലെത്താന്‍ 12,000 ല്‍ അധികം രൂപ വേണം. വിമാനത്തിനു സാധാരണ നിലയില്‍ 3,000 മുതല്‍ 4,000 വരെയാണ് ടിക്കറ്റ് നിരക്ക്. നിലവിലിത് 8,000 മുതല്‍ 13,000 വരെയായി ഉയര്‍ന്നിട്ടുണ്ട്. ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് പേരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.