പാരീസ്: ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ നിരപ്പാക്കുക എന്ന് അര്‍ഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അക്രമം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ പറഞ്ഞു. ബുധനാഴ്ച ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് 5-നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രണണത്തിനെതിരായ പോരാട്ടമെന്നാല്‍ ഗാസയെ നിരപ്പാക്കുന്നതല്ല. വിവേചന രഹിതമായി സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാ ജീവനുകളും തുല്യമാണ്. ഈ രീതിയിലുള്ള അക്രമം അവസാനിപ്പിക്കാൻ ഇസ്രയേല്‍ തയ്യാറാകണം- മാക്രോണ്‍ പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങളുടെ സംരക്ഷണമാണ് ഫ്രാൻസിന്റെ പരിഗണനയെന്നായിരുന്നു മാക്രോണിന്റെ പ്രതികരണം. മാനുഷികമായ വിഷയങ്ങള്‍ പരിഗണിച്ച് വെടിനിര്‍ത്തല്‍ ആവശ്യമാണെന്നാണ് രാജ്യത്തിന്റെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളേയും കൊല്ലുന്നത് ഇസ്രയേല്‍ നിര്‍ബന്ധമായും അവസാനിപ്പിക്കണമെന്ന് നേരത്തെ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ, രാഷ്ട്രങ്ങള്‍ ഇസ്രയേലിനെയല്ല മറിച്ച് ഹമാസിനെയാണ് അപലപിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് നെതന്യാഹു രംഗത്തെത്തിയിരുന്നു. ഗാസയില്‍ ഇന്ന് ഹമാസ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും നടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.