ദുബൈ: എമിറേറ്റിലെ അൽ റുവയ്യയിൽ മണൽപ്രദേശത്ത് വാഹനാപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായി ദുബൈ പൊലീസ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതും സ്റ്റണ്ടും കാരണമാണ് അപകടമുണ്ടായതെന്നും പരിക്കേറ്റവരെല്ലാം 18നും 20നും ഇടയിൽ പ്രായമുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് അപകടം സംബന്ധിച്ച് പൊലീസിൽ വിവരം ലഭിച്ചത്. ട്രാഫിക് പട്രോളിങ് വിഭാഗം സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
അപകടം വരുത്തിയ വാഹനമോടിച്ചത് 19കാരനായ ഇമാറാത്തി ഡ്രൈവറായിരുന്നു. മണൽപ്രദേശത്ത് സ്റ്റണ്ട് കാണിക്കുന്നതിനിടെ പെട്ടെന്ന് വാഹനം തിരിച്ചതാണ് അപകടത്തിന് കാരണമായത്. ഇതോടെ വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.അശ്രദ്ധവും സാഹസികവുമായ ഡ്രൈവിങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്ന് ട്രാഫിക് പൊലീസ് ഡയറക്ടർ വാഹന ഉപയോക്താക്കളോട് അഭ്യർഥിച്ചു.
കാൽനട യാത്രക്കാരുടെയും മരുഭൂ പ്രദേശങ്ങളിലെ മറ്റു സന്ദർശകരുടെയും സുരക്ഷക്കും ഇത്തരം പ്രവൃത്തികൾ ഭീഷണിയാണ്. കുടുംബങ്ങൾ സംഗമിക്കുന്ന സ്ഥലങ്ങൾക്കും ക്യാമ്പ് ചെയ്യുന്ന ഭാഗങ്ങളിലും വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കുടുംബങ്ങൾക്കും മറ്റും വലിയ പ്രയാസമുണ്ടാക്കുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി മാറ്റംവരുത്തിയ വാഹനങ്ങളുമായി കുട്ടികൾ മരുഭൂമിയിലും പൊതുനിരത്തുകളിലും ഇറങ്ങുന്നതിൽ മാതാപിതാക്കളുടെ ശ്രദ്ധ വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു