വര്‍ക്കല: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. തന്നെ ഭീരുവെന്ന് വിശേഷിപ്പിച്ച സതീശന്, തനിക്ക് ഭയമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റയ്ക്ക് പോകുമ്പോള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയിട്ടുണ്ടെന്നും അത്തരം ക്രിമിനല്‍ത്താവളങ്ങളില്‍ കൂടെ പോലീസ് സംരക്ഷണമില്ലാതെ നടന്നുപോയ ആളാണ് താനെന്നും സതീശന് മനസ്സിലാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ക്കലയില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന് ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവർത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തിൽ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ പോയതാണ്.
തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാൽ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോൾ എന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഞാൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങൾ ജനങ്ങളുടെ ദാസൻമാരാണ്. തുടർഭരണം ഞങ്ങൾക്ക് ജനം തന്നതിൽ കോണ്‍ഗ്രസിന് കലിപ്പുണ്ട്. 2021ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി കോണ്‍ഗ്രസ് ഒത്തുകളിച്ചു.
കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകർക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവർണർ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോൺഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു