ന്യൂസ് ക്ലിക്ക് കേസിൽ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ഡല്‍ഹി പൊലീസ്

ന്യൂ ഡല്‍ഹി : ന്യൂസ് ക്ലിക്ക് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാൻ ഡല്‍ഹി പൊലീസ് കൂടുതല്‍ സമയം തേടി. ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു.മൂന്ന് മാസം കൂടി അന്വേഷണത്തിന് വേണം എന്നാണ് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ട് രണ്ട് മാസം പിന്നിട്ടു. യുഎപിഎ അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഇതിനിടെ ഐ.ടി വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം ന്യൂസ്‌ക്ലിക്കിന്റെ അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിച്ചിരിക്കുകയാണ്. ന്യൂസ്‌ക്ലിക്ക് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജേണലിസ്റ്റുകള്‍ക്ക് ശമ്പളം നല്‍കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അതിനാൽ ഈ മരവിപ്പിക്കല്‍ നീക്കണം എന്നാവശ്യപ്പെട്ട് മാധ്യമ സംഘടനകളടക്കം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കെയാണ് ഡല്‍ഹി പൊലീസ് കൂടുതല്‍ സമയം തേടിയിരിക്കുന്നത്.
ന്യൂസ് ക്ലിക്കിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തതു കൂടാതെ 50ഓളം ജേണലിസ്റ്റുകളുടെ ലാപ്‌ടോപ്പടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും വിട്ടുനല്‍കാൻ ഇതുവരെ പൊലീസ് തയാറായിട്ടില്ല. ഒക്ടോബര്‍ മൂന്നിനാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ‌ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു പ്രബീര്‍ പുര്‍കായസ്ഥയെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു