കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനില്‍ ഐ.ടി സൗകര്യമൊരുക്കാന്‍ ഇന്‍ഫോപാര്‍ക്കും കെ.എം.ആര്‍.എലും തമ്മില്‍ ധാരണ. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലെ ആറു നിലകളിലായി 39,880 സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ് സ്പെയ്സില്‍ ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സുകള്‍ ഒരുക്കാന്‍ കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റയും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും ചേര്‍ന്ന് ധാരണാപത്രം ഒപ്പുവെച്ചു. കെ.എം.ആര്‍.എല്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക്, കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ പുതുതായി ഇന്‍ഫോപാര്‍ക്ക് ഒരുക്കുന്ന ഈ സൗകര്യത്തില്‍ 500 തൊഴിലവസരങ്ങള്‍ ഒരുങ്ങും.
കോവിഡ് കാലത്ത് വ്യാപകമായ കോ വര്‍ക്കിങ്ങ് സ്പെയ്സിന്റെയും തൊഴില്‍ രീതികളുടെ തുടര്‍ച്ചയായും കോ വര്‍ക്കിങ്ങ് സ്പെയ്സുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും പരിഗണിച്ചാണ് ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സ് ഒരുക്കുന്നത്. യാത്രാ സൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വര്‍ക്ക് സ്‌പെയ്‌സ്, കോ വര്‍ക്കിങ്ങ് സ്പെയ്സ് മാതൃകകളില്‍ ഒരുങ്ങുന്ന ഈ ഓഫീസ് സൗകര്യം ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗപ്പെടുത്താം. ഗിഗ് വര്‍ക്കേഴ്സിനും വനിതാ ജീവനക്കാര്‍ക്കും ഏറെ ഉപയോഗപ്രദമാകുന്ന രീതിയിലായിരിക്കും പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുക. 2024 ഒക്ടോബറോടെ ഓഫീസ് സൗകര്യങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
കൊച്ചി നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഒരുങ്ങുന്ന ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സ് കേരളത്തിന്റെ ഐ.ടി വളര്‍ച്ചയിലെ ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ കോ വര്‍ക്കിങ്ങ് സ്പെയ്സായി നേരത്തേ ഒരുക്കിയ ഡബ്ല്യു റൂമിന് കമ്പനികളുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ഓഫീസ് സൗകര്യത്തിന് പുറമേ പാന്‍ട്രി ഏരിയ, ഇവന്റുകള്‍ നടത്താനുള്ള സ്ഥലം, പാര്‍ക്കിങ്ങ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇത്തരം പ്രീമിയം വര്‍ക്ക് സ്‌പെയ്‌സുകളിലുണ്ട്. ഒട്ടേറെ ഗതാഗത മാര്‍ഗങ്ങള്‍ സംയോജിക്കുന്ന ഒരിടമാണ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍. അവിടെ ഒരുങ്ങുന്ന ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സ് എന്ന നിലയില്‍ ഈ പദ്ധതി യാത്രാക്ലേശം ഇല്ലാതെ ജീവനക്കാര്‍ക്കെത്തിപ്പെടാന്‍ പറ്റുന്ന തൊഴിലിടമായി മാറും. പ്രീമിയം വര്‍ക്ക് സ്‌പെയ്‌സുകളായി ഒരുക്കുന്ന ഓഫീസുകള്‍ യാത്ര ചെയ്ത് എത്തുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.
വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ഓഫീസ് അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികള്‍ക്ക് ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോമിന് പകരം പ്രീമിയം വര്‍ക്ക് സ്‌പെയ്‌സില്‍ നിയോഗിക്കാനും കഴിയുന്നതരത്തിലാണ് ഈ ഓഫീസുകളുടെ ഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളം പോലൊരു വികസിത സംസ്ഥാനത്തിന് ഐ.ടി വ്യവസായത്തിന്റെ വികേന്ദ്രീകരണം വളരെ നിര്‍ണായകമാണെന്നും എറണാകുളം സൗത്ത് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലേക്ക് ഇന്‍ഫോപാര്‍ക്ക് ഒരുക്കുന്ന ഐ.ടി സൗകര്യം ഐ.ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്നും കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷിതവും യാത്ര ചെയ്ത് എത്തിച്ചേരാന്‍ സൗകര്യപ്രദവുമായ ഇത്തരം ഒരു സ്ഥലത്ത് ഐ.ടി ബിസ്‌നസ് സൗകര്യമൊരുങ്ങുന്നത് വ്യവസായത്തിനും ഐ.ടി വിദഗ്ധര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നും ഇതു വഴി മികച്ച ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.