ന്യൂ ഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെൻഡ് ചെയ്യുന്ന നടപടി തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ള രണ്ട് എം.പിമാരെ കൂടി ഇന്ന് ലോക്സഭയില്‍ നിന്നും സസ്പെൻഡ് ചെയ്തു. തോമസ് ചാഴിക്കാടനേയും എ.എം ആരിഫിനേയുമാണ് ഇന്ന് ലോക്സഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതോടെ പുറത്താക്കപ്പെട്ട എം.പിമാരുടെ എണ്ണം 143 ആയി. ഇരുവരേയും സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് കൊണ്ട് വന്നത്.
തോമസ് ചാഴിക്കാടനില്‍ നിന്നും എ.എം ആരിഫില്‍ നിന്നും ഗൗരവമായ മോശം പെരുമാറ്റമാണ് ഉണ്ടായതെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ലോക്സഭയേയും അധ്യക്ഷനേയും അപമാനിക്കുന്ന പെരുമാറ്റമാണ് ഇരുവരിലും നിന്നും ഉണ്ടായതെന്നും പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ സഭയിലെത്തിയതെന്നും ജോഷി വ്യക്തമാക്കി.
പാര്‍ലമെന്റിലെ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികള്‍ക്ക് പാസ് നല്കിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് എം.പിമാരുടെ വ്യാപക സസ്പെൻഷനിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം മാത്രം 49 എം.പിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവൻ കോണ്‍ഗ്രസ് എം.പിമാരും പാര്‍ലമെന്റിന് പുറത്തായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു