ദോഹ: ലോകകപ്പ് ഫുട്ബാളിലൂടെ ഖത്തറിൽ വിജയകരമായി അരങ്ങേറ്റം കുറിച്ച ഓഫ്സൈഡ് സാങ്കേതിക വിദ്യ ഏഷ്യൻ കപ്പിലും കളംവാഴാൻ ഒരുങ്ങുന്നു. ജനുവരി 12ന് ഖത്തറിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിലൂടെ വൻകരയുടെ മേളയിലും സെമി ഓഫ്സൈഡ് ടെക്നോളജി അരങ്ങേറുമെന്ന് എ.എഫ്.സി അറിയിച്ചു.
ഇതാദ്യമായാണ് ഏഷ്യൻ ഫുട്ബാളിൽ സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതിക വിദ്യയെത്തുന്നത്. ഒരുമാസം നീണ്ടുനിൽക്കുന്ന ഏഷ്യൻ കപ്പിലെ മുഴുവൻ മത്സരങ്ങളിലും റഫറിമാർക്ക് നിർണായക തീരുമാനത്തിന് തുണയാകാൻ എസ്.എ.ഒ.ടിയുടെ അരങ്ങേറ്റം തുണയാവും.
ഫിഫ തലത്തിലുള്ള മത്സരങ്ങൾക്ക് ഉപയോഗപ്പെടുത്തിയ ഓഫ്സൈഡ് സാങ്കേതികവിദ്യ ആദ്യമായാണ് കോൺഫെഡറേഷൻ തലത്തിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്നത്. 2019ലെ യു.എ.ഇ ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ആദ്യമായി വി.എ.ആർ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്.
സെമി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഏഷ്യൻ മാച്ച് റഫറിയിങ്ങും മാറുകയാണെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു.
12 കാമറകൾ; 29 പോയന്റുകൾ
ഒരു മത്സരം നടക്കുമ്പോൾ ഗാലറിയിൽ സ്ഥാപിച്ച 12 കാമറകൾ വഴിയാണ് ഓഫ്സൈഡ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഗ്രൗണ്ടിലേക്ക് തുറന്നുവെക്കുന്ന കാമറക്കണ്ണുകൾ കളിക്കാരുടെ ശരീരത്തിലെ 29 പോയന്റുകൾ ട്രാക് ചെയ്യും. പന്തിന്റെയും കളിക്കാരുടെയും നീക്കങ്ങൾ സൂക്ഷ്മമായി ഈ കാമറകൾ നിരീക്ഷിക്കും. പന്തിനുള്ളില്‍ സെന്‍സറുമുണ്ടാകും. കളിക്കാരന് പന്തില്‍ തൊടുന്നത് കൃത്യമായി അറിയാന്‍ ഇതുവഴി സാധിക്കും.
നിർമിത ബുദ്ധിയിലൂടെ ഡേറ്റകൾ വിശകലനംചെയ്ത് ഞൊടിയിടവേഗത്തിൽ ‘വി.എ.ആർ’ ടീമിലേക്ക് കൈമാറും. ഓഫ്സൈഡ് ലൈനിനപ്പുറം കളിക്കാരൻ പന്തിൽ സ്പർശിച്ചാൽ ഉടൻ വി.എ.ആർ മുറിയിലേക്കും സന്ദേശമെത്തും. ഇതനുസരിച്ച്, ‘വാർ’ മുറിയിൽ നിന്നും ഫീൽഡ് റഫറിയിലേക്ക് വിവരം കൈമാറുകയും അന്തിമ തീരുമാനമെടുക്കുകയും ചെയ്യും.
സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ ത്രീഡി ആനിമേഷനിലൂടെ ദൃശ്യം പ്രദർശിപ്പിക്കാനും സൗകര്യമുണ്ടാകും. കളിയുടെ നിർണായകമായ തീരുമാനങ്ങളുടെ ദൃശ്യം കാണികൾക്ക് മനസ്സിലാക്കാനുള്ള വഴികൂടിയാണിത്. ഫുട്ബാളില്‍ റഫറിമാര്‍ക്ക് എന്നും തലവേദനയാകുന്ന ഓഫ്സൈഡിലെ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കൂടിയാണ് സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു