അബൂദബി: ഓമന മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ കൊടുക്കാനും അവരുമായി അടുത്തിടപഴകാനും ആഗ്രഹിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. അൽ ഐനിലെ ഉമ്മുൽ ഇമാറാത്ത് പാർക്കിൽ തീറ്റ കൊടുക്കൽ സീസൺ 22ന് ആരംഭിക്കും. അൽ ഐൻ മൃഗശാലയുമായി സഹകരിച്ച് ജനുവരി പകുതിവരെ നീണ്ടുനിൽക്കുന്ന തീറ്റകൊടുക്കൽ സീസണിൽ വിവിധതരം തത്തകൾ, മൂങ്ങകൾ, പാമ്പുകൾ, മറ്റ് ഉരഗങ്ങൾ എന്നിവയെ സന്ദർശകർക്ക് നേരിട്ടുകാണാനും അവക്ക് തീറ്റ നൽകാനും സെൽഫിയെടുക്കാനും അവസരമുണ്ടാകും. ഈ മാസം 22,23, 29, 30 തീയതികളിലായി വൈകീട്ട് 4.30 മുതൽ 6.30 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 5,6,12,13 തീയതികളിൽ വൈകീട്ട് 4.30 മുതൽ 6.30 വരെയും തീറ്റ കൊടുക്കുന്നതിനായി സന്ദർശകർക്ക് അവസരമുണ്ടാകും. പക്ഷികളും ഉരഗങ്ങളും കൂടാതെ ഇത്തവണ കുതിര, ഒട്ടകം, മുയൽ, ആമ, എമു, ചെമ്മരിയാട് എന്നീ മൃഗങ്ങൾക്കും തീറ്റ കൊടുക്കാനും വിവിധ സെഷനുകൾ സംഘടിപ്പിക്കുന്നുണ്ട്. കുതിര, ഒട്ടക സവാരി നടത്താനും അവസരമുണ്ടാകും. സന്ദർശകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.ummalemaratPark.ae സന്ദർശിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു