ജൊഹന്നാസ്ബര്‍ഗ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 46.2 ഓവറില്‍ 211 റൺസിന് ഓൾ ഔട്ടായി. സായ് സുദർശൻറെയും നായകൻ കെ.എൽ. രാഹുലിൻറെയും അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് രക്ഷിച്ചത്. പരമ്പരയിലെ സായിയുടെ രണ്ടാം അർധ സെഞ്ച്വുറിയാണിത്.
മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ടോണി ഡി സോര്‍സിയുടെ (പുറത്താവാതെ 119) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കളിയുടെ ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് ഗെയിക്വാദിനെ നഷ്ടമായി. രണ്ട് ബോളിൽ നിന്ന് നാല് റൺസ് എടുത്ത് നിൽക്കെ ഗെയിക്വാദിനെ എൽബിഡബ്ല്യൂവിലൂടെ പുറത്താക്കി നാന്ദ്രെ ബർഗർ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ എത്തിയ തിലക് വർമയും സായി സുദർശനും ചെർന്ന് കൂട്ടുകെട്ട് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും പന്ത്രണ്ടാം ഓവറിൽ 10 റൺസ് എടുത്ത് തിലകും കളം വിട്ടു. പക്ഷെ പ്രതീക്ഷയായി സായി സുദർശൻ മികച്ച രീതിയിൽ ബാറ്റ് വീശി. രാഹുലും സായിയും ചേർന്ന് ഇന്ത്യയുടെ സ്കോർ പതുക്കെ ഉയർത്തി. 27 -ാം ഓവറിൽ വില്യംസിന് ക്യാച്ച് നൽകി സായി പുറത്താവുമ്പോൾ ഇന്ത്യയുടെ സ്കോർ 114 ന് മൂന്ന് എന്ന നിലയിലായിരുന്നു പിന്നാലെ എത്തിയ സഞ്ജു നിരാശപ്പെടുത്തി. 12 റൺസിന് പുറത്ത്. പിന്നീട് വന്നവർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അരങ്ങേറ്റ ഏകദിനം കളിക്കുന്ന റിങ്കു സിങ് 14 പന്തിൽ 17 റൺസെടുത്ത് പുറത്തായി. അക്സർ പട്ടേൽ (23 പന്തിൽ ഏഴ്), കുൽദീപ് യാദവ് (അഞ്ചു പന്തിൽ ഒന്ന്), അർഷ്ദീപ് സിങ് (17 പന്തിൽ 18), ആവേശ് ഖാൻ (ഒമ്പത് പന്തിൽ ഒമ്പത്) എന്നിവരും വേഗത്തിൽ മടങ്ങി. നാലു റൺസുമായി മുകേഷ് കുമാർ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ ഒന്നാം വിക്കറ്റില്‍ ടോണി – റീസ സഖ്യം 130 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റീസയെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുതുന്നതായിരുന്നു റീസയുടെ ഇന്നിംഗ്സ്. പിന്നാലെയെത്തിയത് റാസി വാന്‍ ഡര് ഡസ്സന്. 36 റണ്‍സാണ് ഡസ്സന് നേടിയത്. ടോണിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം വിജയത്തിനടുത്ത് ഡസ്സന് വീണു. പിന്നീട് മറ്റൊരു വിക്കറ്റ് നഷ്ടപ്പെടുത്താന്‍ അവസരം നല്‍കാതെ ടോണി ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം (2) ടോണിക്കൊപ്പം പുറത്താവാതെ നിന്നു. ടോണിയുടെ കന്നി സെഞ്ചുറിയായിരുന്നു ഇത്. 122 പന്തുകള്‍ നേരിട്ട താരം ഒമ്പത് ഫോറും ആറ് സിക്സും നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു