ദുബായ്: 2024 ഐപിഎൽ താരലേലത്തിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയിരിക്കുകയാണ് സ്റ്റാർക്ക്. 24.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാർക്കിനെ സ്വന്തമാക്കിയത്. രണ്ടാമത്തെ വിലയേറിയ താരം ഓസീസ് ക്യാപ്ടൻ പാറ്റ് കമ്മിൻസാണ്. 20.50 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് കമ്മിൻസിനെ സ്വന്തമാക്കിയത്.
വെസ്റ്റിൻഡീസ് ബാറ്റർ റോവ്മൻ പവലും ലേലത്തിൽ നേട്ടമുണ്ടാക്കി. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴു കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. താരത്തിനു വേണ്ടി തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രംഗത്തുണ്ടായിരുന്നു. പക്ഷേ അവസാന നിമിഷം പിൻവാങ്ങി. ഒരു കോടി രൂപയായിരുന്നു പവലിന്റെ അടിസ്ഥാന വില. ഏകദിന ലോകകപ്പില് ഓസ്ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സൺറൈസേഴ്സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്. അതേസമയം ഓസീസ് താരം സ്റ്റീവ് സ്മിത്ത് അൺസോൾഡ് ആയി.
ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാലു കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെ ആരും വിളിച്ചില്ല. ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോട്സി 5 കോടി രൂപയ്ക്കു മുംബൈ ഇന്ത്യൻസിൽ കളിക്കും. ഇന്ത്യൻ താരങ്ങളിൽ പേസർ ഹർഷൽ പട്ടേൽ നേട്ടം കൊയ്തു. 11.75 കോടി രൂപയ്ക്ക് താരം പഞ്ചാബ് കിങ്സിൽ ചേർന്നു. താരത്തെ വിളിച്ചെടുക്കാൻ ഗുജറാത്ത് ടൈറ്റൻസും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ശ്രീലങ്കൻ താരം ദിൽഷൻ മദുഷങ്കയെ 4.6 കോടിക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്ഘട്ട് 1.6 കോടിക്ക് സൺറൈസേഴ്സിൽ കളിക്കും. 20 ലക്ഷം അടിസ്ഥാന വിലയുള്ള യുവ ബാറ്റർ ശുഭം ദുബെയെ 5.80 കോടിക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മലയാളി താരം രോഹൻ എസ്. കുന്നുമ്മലിനെ ആരും വാങ്ങിയില്ല. ഇന്ത്യൻ താരം സമീർ റിസ്വി 8.4 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. ഇന്ത്യൻ താരം ഷാറൂഖ് ഖാൻ 7.4 കോടിക്ക് ഗുജറാത്ത് ടൈറ്റൻസിൽ ചേരും.
ഐപിഎൽ ടീമുകളിലെത്തിയ മറ്റ് താരങ്ങൾ:
കെ എസ് ഭരത്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (50 ലക്ഷം)
ട്രിസ്റ്റൻ സ്റ്റബ്സ്- ഡൽഹി ക്യാപിറ്റൽസ് (50 ലക്ഷം)
രചിൻ രവീന്ദ്ര – ചെന്നൈ സൂപ്പർ കിംഗ്സ് (1.80 കോടി)
ഷാർദുൽ ഠാക്കൂർ- ചെന്നൈ സൂപ്പർ കിംഗ്സ് (നാല് കോടി)
ജെറാൾഡ് കോട്സീ – മുംബയ് ഇന്ത്യൻസ് ( അഞ്ച് കോടി)