ജർമ്മനി, നെതർലൻസ്, ഫ്രാൻസ് തുടങ്ങിയ ഏഴ് രാജ്യങ്ങളാണു കാർബൺ ഡയോക്സഡ് പുറന്തള്ളുന്ന വൈദ്യുതി നിലയങ്ങൾ അടച്ചുപൂട്ടുകയെന്ന ഉറച്ചതീരുമാനമെടുത്തത്.
യൂറോപ്യൻ യൂണിയൻ വൈദ്യുതി ഉല്പാദനത്തിന്റെ പകുതിയോളം ഈ രാജ്യങ്ങളിലാണ്.
യൂറോപ്പിലെ ഏറ്റവും വലിയ ഊർജ്ജോത്പാദകരായ ജർമ്മനിയും ഫ്രാൻസുമുൾപ്പെടുന്ന കൂട്ടായ തീരുമാനം പരിസ്ഥിതി സംരക്ഷണ ദിശയിൽ തീർത്തും ആശാവഹമാണ്.
യൂറോപ്യൻ യൂണിയനിലെ ആസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ലക്സംബർഗ്, നെതർലൻസ് എന്നീ അംഗരാഷ്ട്രങ്ങളാണ് ഈ കാലാവസ്ഥ നയരൂപീകരണ ദൗത്യത്തിൽ ഐക്യപ്പെട്ടത്. യൂറോപ്യൻ യൂണിയൻ (European Union – EU) അംഗമല്ലാത്ത സ്വിറ്റ്സർലൻ്റും ഈ ദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്.
നിലവിലെ യൂറോപ്യൻ യൂണിയൻ കാലാവസ്ഥാ നടപടികൾ 2040-ഓടെ യൂറോപ്പിനെ കാർബൺമുക്ത വൈദ്യുതി മേഖലയിലേക്ക് നയിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ ഈ രാജ്യങ്ങൾ പറഞ്ഞു. പരമാവധി കാർബൺ ബഹിർഗമന ലഘൂകരണത്തിലൂടെ ഉല്പാദിക്കപ്പെടുന്ന വൈദ്യുതി പ്രസരണം രാജ്യ അതിർത്തികളിലൂടെ സുസാധ്യമാക്കപ്പെടും.
അതിനായ് ഗ്രിഡുകളും ഊർജ്ജ സ്റ്റേഷനുകളുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംയുക്തമായി ആസൂത്രണം ചെയ്യാൻ കൂട്ടായ് യത്നിക്കുമെന്ന് രാജ്യങ്ങൾ പറഞ്ഞു.
യൂറോപ്യൻ പരിസ്ഥിതി ഏജൻസി ഡാറ്റ (2022) പ്രകാരം യൂറോപ്യൻ യൂണിയൻ്റെ വൈദ്യുതി ഉപഭോഗം 41 ശതമാനം പുനരുപയോഗ സ്രോതസ്സുകളിൽ നിന്നാണ്. എന്നാൽ വൈദ്യുതി ഉല്പാദനത്തിലെ കാർബഡയോക്സഡ് തീവ്രത രാജ്യങ്ങൾക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ആസ്ട്രിയൻ വൈദ്യുതിയുടെ മുക്കാൽ ഭാഗവും ഇതിനകം തന്നെ പുനരുപയോഗ വൈദ്യുത സ്രോതസ്സുകളാണ്. അതേസമയം ഫ്രാൻസ് 70 ശതമാനത്തോളം കാർബൺ പുറന്തള്ളാത്ത ആണവോർജ്ജത്തെയാണ് ആശ്രയിക്കുന്നത്.
ഏതൊരു ഇ.യു രാജ്യത്തേക്കാളും ഏറ്റവും കൂടുതൽ കാർബൺ തീവ്രതയുള്ള വൈദ്യുതി ഉല്പാദനം പോളണ്ടിലാണ്. കൽക്കരിയധിഷ്ഠിത വൈദ്യുത നിലയങ്ങളാണ് പോളണ്ടിലേറെയും. 2035 ഓടെ വൈദ്യുതിയുടെ 80 ശതമാനവും കാറ്റ് – സൗരോർജ്ജാധിഷ്ഠതമായിരിക്കും. അതോടെ വാതക – ഗ്യാസ് വൈദ്യുത നിലയങ്ങൾ വലിയതോതിൽ പ്രവർനരഹിതമായേക്കുമെന്നും പറയുന്നു. പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിലും ഗ്രിഡുകളിലുമായി 750 ബില്യൺ യൂറോ നിക്ഷേപം ആവശ്യമായി വരും. എന്നാൽ 2035 ആകുമ്പോഴേക്കുമിത് ജൈവ ഇന്ധനങ്ങൾക്കായുള്ള ചെലവിൽ ഗണ്യമായ കുറവ് വരുത്തുമെന്നാണു് കാർബൺ മുക്ത ദൗത്യത്തിൽ പങ്കാളികളായിട്ടുള്ള ഇയു രാഷ്ട്രങ്ങൾ കണക്കുകൂട്ടുന്നത്. നിലവിലെ പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിലേക്ക് മാറുമ്പോൾ മൊത്തത്തിൽ പണം ലാഭിക്കാനാകുമെന്നും പ്രതിക്ഷിക്കപ്പെടുന്നു.