അൽഐൻ:പ്രവാസികളായ ഇന്ത്യക്കാർ ഭൂരിഭാഗവും നാട്ടിലേക്ക് അവധിക്ക് പോകുന്ന സ്കൂൾ അവധിക്കാലത്തും ആഘോഷ അവസരങ്ങളിലും വിമാന ടിക്കറ്റ് നിരക്ക് കൂട്ടുന്നത് പ്രവാസിയുടെ സാമ്പത്തികഭാരം കൂട്ടുന്ന നടപടിയാണെന്ന് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി മണികണ്ഠൻ പറഞ്ഞു. സാധാരണക്കാരായവരും വിദേശത്ത് കുടുംബസമേതം വസിക്കുന്നവരുമാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. സാധാരണ വരുമാനക്കാരായ പ്രവാസികൾക്ക് അവധിക്ക് നാട്ടിൽ പോകാനുള്ള ഈ അവസരം നിഷേധിക്കുകയാണ് വിമാന കമ്പനികൾ ചെയ്തുകൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ നീതി ലഭ്യമാകുന്നതിനുവേണ്ടി കേന്ദ്ര സംസ്ഥാന സർക്കാറുകൾ രംഗത്തുവരണം. തൊഴിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നിലപാടെടുക്കണം. പ്രവാസി സംഘടനകളും പ്രവാസികളും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ സമീപനത്തിൽ നിരാശരാണ്. ഈ രംഗത്ത് എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കേന്ദ്രസർക്കാറിന് മാത്രമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കേന്ദ്ര സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും ഭാഗത്തുനിന്ന് ഇക്കാര്യങ്ങളിൽ പ്രവാസികൾക്ക് അനുഗുണമായ നടപടികൾ പെട്ടെന്നുതന്നെ ഉണ്ടാകണം. വിഷയത്തിൽ പാർലമെന്ററി സ്ഥിരം സിമിതി ശിപാർശ ഉടൻ നടപ്പാക്കണമെന്നും മണികണ്ഠൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു