ദുബൈ: റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) 114ാമത് നമ്പർപ്ലേറ്റ് ലേലം ഡിസംബർ 30ന്. രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളിലായുള്ള 90 ഫാൻസി നമ്പറുകളാണ് ലേലത്തിന് വെക്കുന്നത്. എ.എ30, ടി64, ഒ48, എ.എ555, എക്സ്33333, വി2222, വൈ200 എന്നിവയാണ് പ്രധാന നമ്പറുകൾ. ഈ വർഷത്തെ അവസാനത്തെ നമ്പർപ്ലേറ്റ് ലേലമായിരിക്കുമിത്.
വിവിധ ഇംഗ്ലീഷ് അക്ഷരങ്ങൾ തുടക്കത്തിൽ വരുന്ന നമ്പറുകൾ കൂട്ടത്തിലുണ്ട്. ഡിസംബർ 25 മുതൽ ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്തുതുടങ്ങാം. ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വൈകീട്ട് 4.30നാണ് ചടങ്ങുകൾ ആരംഭിക്കുക. ആർ.ടി.എ വെബ്സൈറ്റ് വഴി രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. ദുബൈ ഡ്രൈവ് ആപ്, ഉമ്മു റമൂൽ, ദേര, ബർഷ എന്നിവിടങ്ങളിലെ ആർ.ടി.എയുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ വഴിയും ബുക്ക് ചെയ്യാം. ലേലദിവസം വേദിക്കു സമീപവും രജിസ്ട്രേഷന് സൗകര്യമുണ്ട്.
നമ്പർപ്ലേറ്റുകളുടെ വിൽപനയിൽ അഞ്ചു ശതമാനം വാറ്റ് ഈടാക്കും. ദുബൈയിൽ ഒരു ട്രാഫിക് ഫയൽ നിലവിലുള്ളവർക്കു മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ അനുവാദമുണ്ടാവുക. ആർ.ടി.എയുടെ പേരിൽ 25,000 ദിർഹമിന്റെ സെക്യൂരിറ്റി ചെക്കും നൽകണം. ലേലഫീസായി 120 ദിർഹമാണ് അധികൃതർ ഈടാക്കുക. മുൻകാല ലേലങ്ങളിൽ ലക്ഷക്കണക്കിന് ദിർഹം ശേഖരിക്കാൻ ആർ.ടി.എക്ക് കഴിഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു