ദാവൂദ് ഇബ്രാഹിം ‘1000 ശതമാനം’ ഫിറ്റ്; വിഷബാധയേറ്റെന്ന വാര്‍ത്ത തള്ളി ഛോട്ടാ ഷക്കീല്‍

ന്യൂ ഡല്‍ഹി: 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയില്‍ വെച്ച്‌ വിഷബാധയേറ്റെന്ന വാര്‍ത്ത തള്ളി അടുത്ത സഹായി ഛോട്ടാ ഷക്കീല്‍.ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞു.

   

മരണം സംബന്ധിച്ച കിംവദന്തികള്‍ അടിസ്ഥാന രഹിതമാണെന്നും ഈയടുത്ത് പാകിസ്താൻ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദിനെ കണ്ടതായും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി. ദാവൂദ് ‘1000 ശതമാനം’ ഫിറ്റാണെന്ന് ഷക്കീല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ സുരക്ഷാ വലയമുള്ളപ്പോള്‍ വിഷം കലര്‍ത്താനുള്ള സാധ്യതിയില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.

   

കറാച്ചിയില്‍ വെച്ച്‌ വിഷബാധയേറ്റ 65കാരനായ ദാവൂദ് ഇബ്രാഹിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് ഇടക്കാല പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കം. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

    

ഇന്ത്യൻ ഏജൻസികള്‍ തേടുന്ന കൊടും കുറ്റവാളികളിലൊരാളായ ദാവൂദ്, വര്‍ഷങ്ങളായി കറാച്ചിയിലാണ് കഴിയുന്നത്. ഇന്ത്യയില്‍ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികള്‍ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാല്‍, ദാവൂദ് കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. 

   

കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസി ബാബ ദര്‍ഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ആദ്യ ഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്താനില്‍ നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

   

Read also : ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് : സഞ്ജു ഇന്നിറങ്ങുമോ?

   

കഴിഞ്ഞ വര്‍ഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവര്‍ക്ക് 20 ലക്ഷവും ദാവൂദിന്‍റെ സംഘമായ ഡി കമ്ബനിയിലെ മറ്റ് അംഗങ്ങളായ ടൈഗര്‍ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു. പാക് രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താൻ ദാവൂദ് പദ്ധതിയിട്ടുവെന്നാണ് എൻ.ഐ.എ വിശദീകരിക്കുന്നത്. 

   

1993ലെ മുംബൈ സ്ഫോടനത്തോടെയാണ് അധോലോക നായകനായി വളര്‍ന്ന ദാവൂദ് ഇബ്രാഹിം കൊടും കുറ്റവാളി പട്ടികയിലായത്. മുംബൈ സ്ഫോടന പരമ്ബരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിലും ദാവൂദിന് പങ്കുണ്ട്. അല്‍ഖ്വയ്ദ, ലഷ്കറെ ത്വയ്ബ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് ദാവൂദ് സാമ്പത്തിക സഹായം നല്‍കുന്നതായി ഇന്ത്യയും അമേരിക്കയും ആരോപിച്ചിരുന്നു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു