സെൻ്റ് ജോർജ് പാർക് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കും.ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ വൈകിട്ട് നാലരയ്ക്കാണ് മത്സരം തുടങ്ങുക.
ജൊഹന്നസ്ബര്‍ഗ് ഏകദിനത്തിലെ തകര്‍പ്പൻ ജയത്തിന്റെ തിളക്കത്തില്‍ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ പരമ്ബര പിടിക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങുകയാണ്. ഒന്നാം ഏകദിനത്തില്‍ ആതിഥേയരെ വെറും 116ന് എറിഞ്ഞിട്ട ഇന്ത്യ കുഞ്ഞന്‍ വിജയലക്ഷ്യം മറികടന്നത് 8 വിക്കറ്റും 200 പന്തും ശേഷിക്കേയായിരുന്നു. ആധികാരിക ജയം നേടിയെങ്കിലും രണ്ടാം ഏകദിനത്തില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. ടെസ്റ്റ് ടീമിനൊപ്പം ചേരാൻ ശ്രേയസ് അയ്യര്‍ പോയതോടെ രജത് പാടിധാറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീമില്‍ തുടരും.
ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന ക്രിക്കറ്റില്‍ ആദ്യമായി അഞ്ച് വിക്കറ്റെടുത്ത ഇന്ത്യൻ താരമായ പേസര്‍ അര്‍ഷ്ദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര ഇന്നും തകര്‍പ്പൻ പ്രകടനം തുടരുമെന്ന് പ്രതീക്ഷ. സെന്റ് ജോര്‍ജ് പാര്‍ക്കിലും ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ്. ഇതുവരെ ഇവിടെ നടന്ന ഒറ്റ ഏകദിനത്തില്‍ പോലും 300 കടന്നിട്ടില്ല. പരമ്പര കൈവിടാതിരിക്കാൻ ആതിഥേയര്‍ ജീവന്മരണപ്പോരിന് ഇറങ്ങുമ്പോൾ മികച്ച മത്സരം തന്നെ ആരാധകര്‍ കാത്തിരിക്കുന്നു. മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും തത്സമയം കാണാനാകും.
ഇന്ത്യന്‍ സാധ്യതാ ഇലവന്: റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്ശന്, രജത് പാടിധാര്‍, തിലക് വര്‍മ്മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്, കുല്‍ദീപ് യാദവ്, മുകേഷ് നായര്‍.