മലയാളികളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന മറിമായം പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന പഞ്ചായത്ത് ജെട്ടി എന്ന ചിത്രത്തിന് തുടക്കമായി. കൊച്ചി കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിലൂടെയാണ് ചിത്രത്തിന് ആരംഭമായത്.
ചടങ്ങിൽ പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. ലാൽജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ എ കെ സാജൻ, എന്നിവര്‍ക്കൊപ്പം മണികണ്ഠൻ പട്ടാമ്പി അടക്കമുള്ള മറിമായം ടീമും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് സത്യൻ അന്തിക്കാട് സ്വിച്ചോൺ കർമ്മവും നാദിർഷ ഫസ്റ്റ് ക്ലാപ്പും നൽകി.
മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്.
പുലിവാൽക്കല്യാണം, പഞ്ചവർണ്ണ തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നി ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ക്രിഷ് കൈമൾ, എഡിറ്റിംഗ് ശ്യാം ശശിധരൻ, കലാസംവിധാനം സാബു മോഹൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി. കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായാണ് ചിത്രീകരണം. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ സലീഷ് പെരിങ്ങോട്ടുകര.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു