കോഴിക്കോട്: പ്രതിഷേധം തുടരുന്ന എസ്എഫ്ഐ പ്രവർത്തർ ക്രിമിനലുകളാണെന്ന നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും ഗവർണർ ആരോപിച്ചു. സെമിനാറിൽ പങ്കെടുത്ത് ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഗവർണരുടെ ആരോപണം.
കേരളത്തിലെ ജനങ്ങളിൽ നിന്നും തനിക്കെതിരെ യാതൊരു പ്രതിഷേധവുമില്ല. രാവിലെ മിഠായി തെരുവിലടക്കം സന്ദർശനം നടത്തിയപ്പോൾ വലിയ സ്വീകരണമാണ് തനിക്ക് ലഭിച്ചത്. എന്നാൽ, യൂണിവേഴ്സിറ്റികളിലെ ഭരണം നഷ്ടപ്പെട്ടതിൽ എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രതിഷേധിക്കുകയാണ്. വിദ്യാർഥികളല്ല, അവരിൽ പലരും ക്രിമിനലുകളാണ്- ഗവർണർ പറഞ്ഞു.
അതേസമയം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ വന്‍ പ്രതിഷേധം. വനിതാ പ്രവര്‍ത്തകരടക്കം വലിയ നിരയാണ് പ്രതിഷേധത്തിനെത്തിയത്. ബാരിക്കേഡ് ചാടിക്കടന്നെത്തിയവരെ പോലീസ് തടഞ്ഞ് പോലീസ് വാഹനങ്ങളില്‍ നീക്കി. സനാതന ധര്‍മ്മപീഠം ചെയറും ഭാരതീയ വിചാരകേന്ദ്രവും ചേര്‍ന്ന് നടത്തുന്ന സെമിനാറില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുക്കുമ്പോഴും പുറത്ത് പ്രതിഷേധം അലയടിച്ചു. മൂന്നോളം എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പരീക്ഷാഭവന് മുകളില്‍ കയറി ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇതിനിടെ വീണ്ടും കരിങ്കൊടിയുമായി വനിതാ പ്രവര്‍ത്തകര്‍ ചാടി വീണ് പ്രതിഷേധിക്കാന്‍ ശ്രമിച്ചു.
സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതിന് പിന്നാലെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ഇത് പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിഷേധം വഴിമാറ്റി. ഗവര്‍ണര്‍ രാജ്ഭവന് അകത്തുകയറി ഗേറ്റ് അടയ്ക്കുംവരെ സമരം നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പറഞ്ഞു. തിരുവനന്തപുരത്ത് ജില്ലാ കമ്മിറ്റി സമരത്തിന് നേതൃത്വം നല്‍കും. എസ്.എഫ്.ഐയുടെ സമരശേഷി ഗവര്‍ണര്‍ കാണാന്‍ പോകുന്നതേയുള്ളൂ. നിലപാട് തിരുത്തും വരെ തുടര്സമരങ്ങളുണ്ടാവുമെന്നും ആര്‍ഷോ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു