തിരുവനന്തപുരം: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടുപേർ പിടിയിൽ. തോമസ്, ഷാമോൻ എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂരിൽ എത്തിയാണ് താമരശ്ശേരി പൊലീസ് ഇവരെ രണ്ട് പേരെയും പിടികൂടിയത്. മോഷണ സംഘത്തിലെ മറ്റുള്ളവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാറുകളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വദേശി വിശാൽ ഭഗത് മട്കരി എന്നയാളുടെ പണമാണ് സംഘം കവർന്നത്. രണ്ടു കാറുകളിലായി വന്ന കവർച്ചാ സംഘം മുൻപിലും പുറകിലുമായി ബ്ലോക്ക് ചെയ്ത് കാറിന്റെ സൈഡ് ഗ്ലാസുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് തകർത്ത് വിശാലിനെ അടിച്ചു പുറത്തിട്ട ശേഷമാണ് കാറിൽ സൂക്ഷിച്ചിരുന്ന ൬൮ ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്.
ബുധനാഴ്ചയാണ് സംഭവം നടന്നതെങ്കിലും വിശാല്‍ വെള്ളിയാഴ്ചയാണ് പരാതി നല്‍കിയത്. പൊലീസില്‍ പറഞ്ഞാല്‍ കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി വൈകിയതെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്. കൊടുവള്ളിയില്‍ നിന്നു പഴയ സ്വര്‍ണം വാങ്ങാൻ വേണ്ടിയെടുത്ത 68 ലക്ഷം രൂപയും ഇരുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണുമാണ് കാറിലുണ്ടായിരുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.
കവർച്ചയ്ക്ക് ഉപയോഗിച്ച കെ.എൽ 45 ടി 3049 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കവർച്ച ചെയ്ത പണം സംഘത്തലവൻ വീതം വയ്ക്കുന്നതിനു മുൻപേയാണ് രണ്ടു പേരും പിടിയിലായത്. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു