തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാത്തതിൽ ഉദ്യോഗസ്ഥരോട് കയര്‍ത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്യാംപസിൽ നേരിട്ടിറങ്ങി ബാനറുകൾ ചൂണ്ടിക്കാട്ടി ഗവർണർ ഉദ്യോഗസ്ഥരോട് ക്ഷോഭിച്ചു.
“നിങ്ങൾക്കൊന്നും കണ്ണില്ലേ എന്നും എന്നെ അപമാനിക്കാനാണോ നിങ്ങളുടെ ഉദ്ദേശം”, എന്നുമായിരുന്നു മലപ്പുറം എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥരോട് ഗവർണറുടെ ചോദ്യം.
“എസ്എഫ്ഐ ആണ് സർവകലാശാല ഭരിക്കുന്നത്. അവർ പറയുന്നത് പോലെയാണ് ഇവിടെ കാര്യങ്ങൾ. പോസ്റ്ററുകൾ ഇപ്പോഴുമവിടെയുള്ളത് നിങ്ങൾ കാണുന്നില്ലേ. എന്നെ അപമാനിക്കാനാണോ ഭാവം? ബാനർ ഇപ്പോഴുമിവിടെയുള്ളതിൽ നിങ്ങളാണ് ഉത്തരവാദികൾ. ഇപ്പോഴല്ലെങ്കിൽ മൂന്ന് നാല് മാസത്തിനുള്ളിൽ എന്തായാലും നിങ്ങളിതിന് ഉത്തരം പറഞ്ഞിരിക്കും. മുഖ്യമന്ത്രി എല്ലാക്കാലവും ആ സ്ഥാനത്ത് കാണില്ല. മുഖ്യമന്ത്രി ആയിരുന്നു ഗസ്റ്റ് ഹൗസിൽ താമസമെങ്കിൽ ഈ ബാനറുകൾ ഇവിടെ കാണുമായിരുന്നോ?” സുരക്ഷാ ഉദ്യോഗസ്ഥരോട് ഗവർണർ ക്ഷുഭിതനായി ചോദിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരായി എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാൻ നിർദ്ദേശം നൽകി. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു