നാനാജാതി പക്ഷിമൃഗാദികളുടെ രോഗാവസ്ഥകള്‍ മനസിലാക്കാനും അതിന് ചികിത്സ നിര്‍ദേശിക്കാനും സാധിക്കുന്ന ശാസ്ത്രശാഖയാണ് വെറ്ററിനറി സയന്‍സ്. മൃഗങ്ങളുടെ ശരീരശാസ്ത്രം പഠിച്ച് അവയ്ക്ക് വരുന്ന രോഗങ്ങള്‍ തടയലും ചികിത്സയുമാണ് വെറ്ററിനറി സയന്‍സിന്റെ വിഷയങ്ങള്‍. അതുപഠിച്ചിറങ്ങുന്നവരെ വെറ്ററിനേറിയന് എന്ന് വിളിക്കുന്നു. നാടന്‍ഭാഷയില്‍ മൃഗഡോക്ടര്‍ എന്നും പറയും. എം.ബി.ബി.എസ്. ഡോക്ടര്‍ പദവിയോളം ഗ്ലാമറും ശമ്പളവുമൊന്നുമില്ലെങ്കിലും വെറ്ററിനറി സയന്‍സ് പഠിച്ചിറങ്ങിയവരാരും വെറുതെയിരിക്കുന്നില്ല എന്നതാണ് സത്യം. മൃഗങ്ങളെ ചികിത്സിക്കല്‍ മാത്രമല്ല അവയുടെ ശാസ്ത്രീയമായ പരിപാലനം, പ്രജനനം എന്നിവയും വെറ്ററിനേറിയന്റെ സഹായമില്ലാതെ നടക്കില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങള്‍ തടയുന്നതിലും വന്യജീവി സംരക്ഷണത്തിലും ഗ്രാമീണവികസനത്തിലുമൊക്കെ വെറ്ററിനറി ഡോക്ടര്‍മാര്‍ നല്കുന്ന പങ്ക് വളരെ വലുതാണ്. സര്‍ക്കാര്‍ മേഖലയ്ക്കൊപ്പം ധാരാളം സ്വകാര്യ കമ്പനികളും വെറ്ററിനറി ഡോക്ടറുടെ സേവനം തേടുന്നു. അതിനാല്‍തന്നെ അനുദിനം പ്രിയം വര്‍ധിച്ചുവരുന്ന കരിയര്‍ മേഖലയാണ് വെറ്ററിനറി സയന്‍സ്.
വീട്ടില്‍ കാശുണ്ടെങ്കില്‍ ആര്‍ക്കും ഡോക്ടറാകാവുന്ന കാലമാണിത്. എന്നാല്‍ പണമുള്ളതുകൊണ്ട് മാത്രം മികച്ചൊരു മൃഗഡോക്ടറാകാന്‍ സാധിച്ചെന്നുവരില്ല. മിണ്ടാപ്രാണികളോട് യഥാര്‍ഥമായ സ്നേഹവും കരുതലുമുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള തൊഴിലാണിത്. തങ്ങളുടെ രോഗമെന്തെന്ന് ഡോക്ടര്‍ക്ക് വിശദീകരിച്ചുനല്കാന് മൃഗങ്ങള്‍ക്കാവില്ലെന്ന കാര്യമോര്‍ക്കുക. അവരുടെ ചേഷ്ടകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളില്‍ നിന്നും വേണമത് മനസിലാക്കാന്‍. അടിയന്തരഘട്ടങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും മൃഗഡോക്ടര്‍ക്ക് തൊഴിലെടുക്കേണ്ടിവരും. മനുഷ്യരേക്കാള്‍ ഇരട്ടിയിലേറെ വലിപ്പവും ശാരീരികശേഷിയുമുള്ള മൃഗങ്ങളുമായി ഇടപഴകുന്ന ഡോക്ടര്‍ക്കും മികച്ച ആരോഗ്യം വേണം. മൃഗങ്ങളുടെ പ്രവചനാതീതമായ പ്രകൃതം മുന്‍കൂട്ടി കണ്ടറിഞ്ഞ് നീങ്ങിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതിന് പകരം മിക്കപ്പോഴും ഒരു ടീമിനെ നയിക്കേണ്ട ഉത്തരവാദിത്തമായിരിക്കും മൃഗഡോക്ടര്‍ക്ക്. നിരീക്ഷണപാടവം, ക്ഷമ എന്നിവയും മൃഗഡോക്ടര്‍ക്ക് അത്യാവശ്യം. എ.സി. മുറിയിലിരുന്ന് രോഗികളെ പരിശോധിക്കുന്ന വെള്ളക്കോളര്‍ േജാലിയല്ല മൃഗഡോക്ടറുടേത് എന്നും ഈ മേഖല തിരഞ്ഞെടുക്കുന്നവര്‍ ഓര്‍ക്കണം. ഗ്രാമീണമേഖലകളിലും വനാതിര്‍ത്തികളിലുമൊക്കെയാകും ഡ്യൂട്ടി. പലപ്പോഴും രാത്രിസമയങ്ങളിലും ജോലി ചെയ്യേണ്ടിവരും.
ഇതൊക്കെയാണെങ്കിലും വെറ്ററിനേറിയന് മാത്രം ലഭിക്കുന്ന ചില സൗഭാഗ്യങ്ങളുണ്ട്. കാടുകള്‍ തോറും യാത്ര ചെയ്യാനും വന്യമൃഗങ്ങളെ അടുത്തുകാണാനും അവരെ പരിചരിക്കുന്നതിനുമൊക്കെ ധാരാളം അവസരം ലഭിക്കും. മൃഗപരിപാലനത്തില്‍ സഹായിക്കുക വഴി ഗ്രാമീണമേഖലയുടെ വികസനത്തിനും ഇവര്‍ക്ക് കാര്യമായ പങ്കുവഹിക്കാനാകും. കാശുണ്ടാക്കുക മാത്രമല്ല കരിയറിന്റെ ലക്ഷ്യമെന്നും സമൂഹനന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യസമേതം തിരഞ്ഞെടുക്കാവുന്ന ജോലിയാണ് വെറ്ററിനേറിയെന്റേത്.
വേണ്ട യോഗ്യതകള്‍
ബാച്ചിലര്‍ ഓഫ് വെറ്റററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.) കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ മൃഗഡോക്ടറായി പ്രാക്ടീസ് ചെയ്യാനാവൂ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ പ്രീവെറ്ററിനറി ടെസ്റ്റ് (എ.ഐ.പി.വി.ടി.) പരീക്ഷയെഴുതി യോഗ്യത നേടിയവര്‍ക്ക് രാജ്യത്തെ 44 വെറ്ററിനറി കോളേജുകളിലെ 15 ശതമാനം സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്.
‘ഓള് ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്റെ (എ.ഐ.സി.ഇ.ഇ.) ഭാഗമാണ് എ.ഐ.പി.വി.ടിയും. ബാക്കിയുള്ള 85 ശതമാനം സീറ്റുകളിലേക്കുള്ള അഡ്മിഷന് അതത് വെറ്ററിനറി കോളേജുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ്. എല്ലാവര്‍ഷവും മെയ്മാസത്തിലാണ് ഓള് ഇന്ത്യ എന്‍ട്രന്‍സ് പരീക്ഷ നടക്കുക.
അഞ്ചുവര്‍ഷത്തെ ബി.വി.എസ്.സി. കോഴ്സില്‍ ആദ്യ നാലുവര്‍ഷങ്ങളും അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ന്യൂട്രിഷ്യന്‍, ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ആന്‍ഡ് പ്രൊഡക്ഷന്‍, മൈക്രോബയോളജി, സര്‍ജറി, ഗൈനക്കോളജി, മെഡിസിന് എന്നീ വിഷയങ്ങളാകും പഠിക്കാനുണ്ടാകുക. അവസാനവര്‍ഷം മുഴുവന്‍ പ്രാക്ടിക്കല്‍ പരിശീലനമായിരിക്കും. ഇതില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് പരിശീലനവും ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികള്‍ ഈ സമയത്ത് ഏതെങ്കിലും മൃഗാശുപത്രിയിലേക്ക് സേവനത്തിനായി നിയോഗിക്കപ്പെടും.
ബി.വി.എസ്.സി. കഴിഞ്ഞ മിക്കവിദ്യാര്‍ഥികളും മാസ്റ്റര്‍ ഇന്‍ വെറ്ററിനറി സയന്‍സ് (എം.വി.എസ്.സി.) എന്ന ഉപരിപഠനകോഴ്സ് കൂടി പൂര്‍ത്തിയാക്കാറുണ്ട്. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എം.വി.എസ്.സി. കോഴ്സിനുള്ള എന്‍ട്രന്‍സ് പരീക്ഷാനടത്തിപ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിനാണ് (ഐ.സി.എ.ആര്.). കൂടുതല്‍ പഠിക്കണമെന്നുളളവര്‍ക്ക് ഈ രംഗത്ത് ഗവേഷണം നടത്തി പി.എച്ച്.ഡി. നേടാനുളള സൗകര്യവും വെറ്റററിനറി കോളേജുകളിലുണ്ട്.
പഠനം കേരളത്തിന് പുറത്ത്
വെറ്ററിനറി കോഴ്സ് പഠനത്തിനായി രാജ്യത്തെ ഏറ്റവും മികച്ച കോളേജായി ഈ രംഗത്തുള്ളവര്‍ വിശേഷിപ്പിക്കുന്നത് ബിഹാര്‍ വെറ്ററിനറി കോളേജിനെയാണ്. ബിഹാര്‍ തലസ്ഥാനമായ പാറ്റ്നയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് 1927ല്‍ ബ്രിട്ടീഷുകാരാല്‍ സ്ഥാപിക്കപ്പെട്ടതാണ്. ബിഹാറിലെ രാജേന്ദ്ര കാര്‍ഷികസര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജില്‍ എം.വി.എസ്.സി. ആന്‍ഡ് എ.എച്ച്., ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച് കോഴ്സുകളുണ്ട്.
മധ്യപ്രദേശിലെ മഹാത്മാഗാന്ധി ചിത്രകൂട് ഗ്രാമോദയ് വിശ്വവിദ്യാലയം, ജാര്‍ഖണ്ഡിലെ ബിര്‍സ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, ശ്രീനഗറിലെ ഷേര്‍-ഇ- കാശ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, ഉത്തര്‍പ്രദേശിലെ ചത്രപതി ഷാഹുജി മഹാരാജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഹിമാചല്‍ പ്രദേശിലെ ചൗധരി സര്‍വണ്‍കുമാര്‍ ഹിമാചല്‍ പ്രദേശ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി, കര്‍ണാടകയിലെ ഡെയറി സയന്‍സ് കോളേജ് എന്നിവിടങ്ങളിലും മികച്ച രീതിയില്‍ വെറ്ററിനറി കോഴ്സ് നടക്കുന്നു. അതതുനാടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനായി ഇവയില്‍ ചില കോളേജുകളില്‍ അന്യസംസ്ഥാനക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. ഓരോ കോളേജിന്റെയും വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ ശ്രദ്ധയോടെ വായിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും.
പഠനം കേരളത്തില്‍
വെറ്ററിനറി പഠനസൗകര്യമുള്ള രണ്ട് കോളേജുകളേ കേരളത്തിലുള്ളൂ. തൃശൂര്‍ മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും വയനാട് പൂക്കോട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളാണിവ. മണ്ണുത്തിയില്‍ നൂറ് സീറ്റുകളും പൂക്കോട് 60 സീറ്റുകളുമാണുള്ളത്. ഇതില്‍ 15 ശതമാനം സീറ്റുകള്‍ ഓള്‍ഇന്ത്യ വെറ്ററിനറി സയന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കായി മാറ്റിവച്ചതാണ്. ബാക്കിയുളള സീറ്റുകളിലേക്ക് സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാക്കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാമിനേഷന് (കീം) വഴിയാണ് പ്രവേശനം. കോഴ്സ് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ www.kvasu.ac.in എന്ന വെബ്സൈറ്റിലും എന്‍ട്രന്‍സ് പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://cee.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ പ്രാക്ടീസ് തുടങ്ങുന്നതിന് മുമ്പ് കേരള വെറ്ററിനറി കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
തൊഴില്‍ സാധ്യതകള്‍
ലോകത്തിലെ മൊത്തം മൃഗസമ്പത്തില്‍ 15 ശതമാനവും ഇന്ത്യയിലാണ്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ എട്ടു ശതമാനം വരുന്നത് മൃഗപരിപാലനത്തില്‍ നിന്നും മാംസവ്യാപാരത്തില്‍ നിന്നുമാണ്. മാംസക്കയറ്റുമതിയില്‍ കുത്തനെയുള്ള വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് ‘പിങ്ക് റെവല്യൂഷന്’ എന്നൊരു പ്രത്യേക പദ്ധതി തന്നെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലിസാധ്യതയിലുള്ള വര്‍ധന തന്നെ. പണ്ടൊക്കെ ആടുമാടുകള്‍ക്ക് കൃത്രിമബീജസങ്കലനം നടത്താനും പ്രതിരോധകുത്തിവെപ്പെടുക്കാനും മാത്രമാണ് ജനം മൃഗഡോക്ടര്‍മാരെ തിരഞ്ഞതെങ്കില്‍ ഇപ്പോള്‍ കാലമൊക്കെ മാറി. ജനറ്റിക് എന്‍ജിനിയറിങ്, പ്രതിരോധ വാക്സിനുകളെക്കുറിച്ചുള്ള ഗവേഷണം, പക്ഷിപ്പനിയും കുരങ്ങുപനിയും പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയല്‍ എന്നിവയ്ക്കൊക്കെ വെറ്ററിനറി വിദഗ്ധരുടെ സേവനം കൂടിയേതീരൂ. അരുമമൃഗങ്ങളെ വളര്‍ത്തുന്നത് വ്യാപകമായതോടെ അവയ്ക്ക് അസുഖങ്ങള്‍ പിടിപെട്ടാല്‍ മൃഗഡോക്ടര്‍മാരെ തിരഞ്ഞ് അലയുകയാണ് നാട്ടുകാര്‍. അതിന്റെ ഭാഗമായി പല മഹാനഗരങ്ങളിലും സ്വകാര്യ മൃഗാശുപത്രികള്‍ വരെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
പൗള്‍ട്രി, ഡെയറി വ്യവസായങ്ങളിലും വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലും മൃഗശാലകളിലുമൊക്കെയായി നിരവധി വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ ജോലി ചെയ്യുന്നു. തുടക്കത്തില്‍ തന്നെ മികച്ച ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് പ്രിയമേറി വരുന്ന മറ്റൊരു മേഖലയാണ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം. സര്‍ക്കാരിന്റെ മൃഗസംരക്ഷണകുപ്പിന് പുറമെ സൈന്യവും ബി.എസ്.എഫ്. പോലുള്ള അര്‍ദ്ധസൈനിക വിഭാഗങ്ങളും ഇപ്പോള്‍ വെറ്ററിനറി സയന്‍സ് ബിരുദധാരികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് കമ്പനികളിലും പൊതുമേഖലാബാങ്കുകളിലും വെറ്ററിനറി സയന്‍സ് ബിരുദധാരികളെ നിയമിക്കുന്നുണ്ട്.