തെൽ അവീവ്: ഹമാസിന്റെ തടവിലുള്ള ബന്ദികളെ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം സ്ഥിരീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ബന്ദികളെ മോചിപ്പിക്കാൻ വീണ്ടും ചർച്ചകൾക്ക് തുടക്കമായെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പരാമർശം.
കഴിഞ്ഞ ദിവസം മൂന്ന് ബന്ദികളെ ഇസ്രായേൽസേന അബദ്ധത്തിൽ വെടിവെച്ച് കൊന്നത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദിമോചനത്തിനായി വീണ്ടും ചർച്ചകൾ ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതേസമയം, ഇസ്രായേൽ യുദ്ധം നിർത്താതെ ബന്ദികളെ മോചിപ്പിക്കാനില്ലെന്നാണ് ഹമാസ് നിലപാട്.
നിലവിൽ നടക്കുന്ന യുദ്ധം വിജയം വരെയും തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയെ പൂർണമായും നിരായുധീകരിച്ച് ഇസ്രായേലിന്റെ സുരക്ഷക്ക് കീഴിൽ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിന് ഇസ്രായേലിന് മേൽ കടുത്ത സമ്മർദം ഉയരുന്നതിനിടെയാണ് നെത്യനാഹുവിന്റെ പ്രസ്താവന.
ഗസ്സയിൽ വെടിനിർത്തലിനും ദീർഘകാല സമാധാനം സ്ഥാപിക്കാനുമായി ചർച്ച നടക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബർനീ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി നോർവേ തലസ്ഥാനമായ ഓസ്ലോയിലാണ് കൂടിക്കാഴ്ച നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു