രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെ തകര്‍ത്ത് ഹരിയാനയ്ക്ക് കന്നിക്കിരീടം. ഫൈനലില്‍ രാജസ്ഥാനെ 30 റണ്‍സിനാണ് ഹരിയാന തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹരിയാണ നിശ്ചിത അന്‍പത് ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. മറുപടിയായി പൊരുതിയ രാജസ്ഥാന്, 48 ഓവറില്‍ 257 റണ്‍സിലൊതുങ്ങി.
അങ്കിത് കുമാറിന്റെയും (88 റണ്‍സ്) ക്യാപ്റ്റന്‍ മെനാരിയയുടെയും (70 റണ്‍സ്) അര്‍ധസെഞ്ചുറി മികവിലാണ് ഹരിയാന ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തത്. മോശം തുടക്കമായിരുന്നു ഹരിയാനയ്ക്ക്. സ്കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ യുവരാജ് സിംഗ് (1), ഹിമാന്‍ഷു റാണ (10) എന്നിവരുടെ വിക്കറ്റുകള്‍ ഹരിയാനയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ അങ്കിത് – മനേരിയ സഖ്യം 124 റണ്‍സ് കൂട്ടിചേര്‍ത്തു. അനികേത് ചൗധരിയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്.
അങ്കിത് കുമാറിനെ അനികേത് ബൗള്‍ഡാക്കുകയായിരുന്നു. വൈകാതെ മനേരിയയും മടങ്ങി. പിന്നീടെത്തിയ ആര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രോഹിത് പ്രമോദ് ശര്‍മ (20), നിഷാന്ത് സിന്ധു (29), രാഹുല്‍ തെവാട്ടിയ (24), ഹര്‍ഷല്‍ പട്ടേല്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുമിത് കുമാര്‍ (28), അന്‍ഷൂല്‍ കംബോജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. അനികേത് ചൗധരി രാജസ്ഥാന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റുചെയ്ത രാജസ്ഥാനുവേണ്ടി ഓപ്പണര്‍ അഭിജിത് ടോമര്‍ 129 പന്തുകള്‍ നേരിട്ട് 106 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ കുനാല്‍ സിങ് റാത്തോര്‍ 65 പന്തില്‍നിന്ന് 79 റണ്‍സും നേടി. രണ്ടക്കം കടന്ന കരണ്‍ ലംബയും രാഹുല്‍ ചാഹറും ഒരു പരിധിവരെ പൊരുതി നോക്കി. ബാക്കിയുള്ളവരെല്ലാം ബാറ്റിങ്ങില്‍ പിന്നാക്കം പോയതോടെ രാജസ്ഥാന് തോല്‍വി സമ്മതിക്കേണ്ടിവന്നു.
ഒരു ഘട്ടത്തില്‍ 12-ന് മൂന്ന് എന്ന നിലയിലായിരുന്നു രാജസ്ഥാന്. പിന്നീട് പൊരുതിക്കയറുകയായിരുന്നു. ഹരിയാണയ്ക്കായി സുമിത് കുമാറും ഹര്‍ഷല്‍ പട്ടേലും മൂന്നുവീതവും അന്‍ഷുല്‍ കംബോജും രാഹുല്‍ തെവാട്ടിയയും രണ്ട് വീതവും വിക്കറ്റുകള്‍ നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു