വൈജ്ഞാനിക മണ്ഡലത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംഭാവനകൾ നിസ്തുലമാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി. എം. വാരിയർ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രം കൈമാറ്റം ചടങ്ങിൽ ആമുഖപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവ്വകലാശാലയുടെ അക്കാദമികവും വൈജ്ഞാനികവുമായ വളർച്ചയിൽ സഹകരിക്കുന്നതിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്ക് സന്തോഷമുണ്ട്. പുസ്തക പ്രസിദ്ധീകരണം, ഇന്ത്യൻ വിജ്ഞാനപദ്ധതികളിൽ സെമിനാറുകളുടെ സംഘാടനം, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കൈയ്യഴുത്തുപ്രതികളുടെ സമാഹരണം, സംരക്ഷണം, സംസ്കൃതം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കൈയ്യെഴുത്ത് പ്രതികൾ വായിക്കുവാൻ പഠിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന സഹകരണ മേഖലകൾ. സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലെ സംസ്കൃതം വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുളള സൗകര്യവുമുണ്ട്, ഡോ. പി. എം. വാരിയർ പറഞ്ഞു.