ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോര്‍ച്യൂണ്‍ 500, ഫുള്ളി ഇന്റഗ്രേറ്റഡ് മഹാരത്ന എനര്‍ജി കമ്പനിയായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡും രാജ്യത്തുടനീളം പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് സഹകരിക്കുന്നതില്‍ ധാരണാപത്രം ഒപ്പുവച്ചു. ഭാരത് പെട്രോളീയം ലിമിറ്റഡിന്റെ വിപുലമായ ഇന്ധന സ്റ്റേഷനുകളുടെ ശൃംഖലയെ ശക്തിപ്പെടുത്താന്‍ പങ്കാളിത്തം പ്രയോജനപ്പെടും. ഇന്ത്യന്‍ നിരത്തുകളിലെ 1.15 ലക്ഷത്തിലധികം ടാറ്റ ഇവികളില്‍ നിന്നുള്ള ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ച് ടാറ്റ ഇവി ഉടമകള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലായിരിക്കും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ടാറ്റ ഇവി ഉപയോക്താക്കള്‍ക്ക് പേയ്മെന്റ് എളുപ്പമാക്കുന്നതിനും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകര്യത വര്‍ധിപ്പിച്ച് കൂടുതല്‍ ആളുകളിലേക്ക് ഇവി എത്തിക്കുന്നതിന് കോ-ബ്രാന്‍ഡഡ് ആര്‍എഫ്ഐഡി കാര്‍ഡ് ഉപയോഗിച്ച് സൗകര്യപ്രദമായ പേയ്മെന്റ് സംവിധാനം അവതരിപ്പിക്കുന്നതിനുള്ള സാധ്യതയും രണ്ട് കമ്പനികളും പരിശോധിക്കുന്നുണ്ട്.
ഇലക്ട്രിക് വാഹന ഉടമകളുടെ റേഞ്ചുമായി ബന്ധപ്പെട്ട ആശങ്കകള്‍ ലഘൂകരിക്കുന്നതിന് ബിപിസിഎല്‍ രാജ്യത്തുടനീളം 90 ഇലക്ട്രിക് വെഹിക്കിള്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഹൈവേ കോറിഡോറുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാന ഹൈവേകളുടെ ഇരുവശങ്ങളിലും ഓരോ 100 കിലോമീറ്ററിലും ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന് ഉറപ്പാക്കുന്നു. ഈ ഇടനാഴികള്‍ വിവിധ ഹൈവേകളിലൂടെ 30,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, മെച്ചപ്പെട്ട ഇവി സൗകര്യവും പ്രവേശനക്ഷമതയും ഉറപ്പുനല്‍കുന്നു.
ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡും തമ്മിലുള്ള പുതിയ കരാര്‍ ഇന്ത്യയിലുടനീളമുള്ള ഇവി ഉടമകള്‍ക്ക് മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. രാജ്യത്തുടനീളം 21,000-ലധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖലയാണ് ഭാരത് പെട്രോളീയത്തിനുള്ളത്. തന്ത്രങ്ങളും നിക്ഷേപങ്ങളും പാരിസ്ഥിതിക ലക്ഷ്യങ്ങളും സംയോജിപ്പിച്ച് സുസ്ഥിരമായ ഭാവിക്കായി പ്രതിജ്ഞാബദ്ധമായാണ് ബിപിസിഎല്‍ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 7,000 എനര്‍ജി സ്റ്റേഷനുകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.