പ്രിയസുഹൃത്തിന് അക്ഷരമധുരം പകര്‍ന്ന സ്കൂളില്‍ സര്‍പ്രൈസ് അതിഥിയായെത്തി അമ്പരപ്പിച്ച് മോഹന്‍ലാല്‍. ഡിസ്‍നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ ആന്‍ഡ് പ്രസിഡന്‍റും തന്‍റെ അടുത്ത സുഹൃത്തുമായ കെ മാധവന്‍റെ നാടായ കോഴിക്കോട് വൈക്കിലശ്ശേരിയിലെ സ്കൂളിലേക്കാണ് മോഹന്‍ലാല്‍ എത്തിയത്.
ഒരു നൂറ്റാണ്ട് പഴക്കമുള്ള വൈക്കിലശ്ശേരി യുപി സ്കൂളില്‍ ശതാബ്ധി ആഘോഷ പരിപാടികള്‍ കുറച്ച് നാളുകളായി നടന്നുവരുന്നുണ്ട്. സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ കെ മാധവനെ ആദരിക്കുന്ന പരിപാടിയിലേക്കാണ് മോഹന്‍ലാല്‍ എത്തിയത്. “ഈ സ്കൂളിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പഠിപ്പിച്ച ടീച്ചര്‍മാരെപ്പറ്റി പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പൊസിഷനിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. പക്ഷേ അതിന്‍റെയൊക്കെ തുടക്കം ഇവിടെനിന്നാണ്. അതിന്‍റെ ഗുരുത്വം അദ്ദേഹത്തിനുണ്ട്”, മോഹന്‍ലാല്‍ പറഞ്ഞു. വൈക്കിലശ്ശേരി സ്കൂളിന്‍റെ വിപുലമായ പൂര്‍വ്വവിദ്യാര്‍ഥി സംഗമം അടുത്ത മാസം ആറിന് നടക്കും. മോഹന്‍ലാലുമായി ആത്മബന്ധമുള്ളയാളാണ് കെ മാധവന്‍. ഇത്തവണത്തെ വിംബിള്‍ഡണിലെ സെമി കാണാന്‍ ഇരുവരും ഒരുമിച്ച് പോയിരുന്നു.
അതേസമയം ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തുന് നേര് ആണ് മോഹന്‍ലാലിന്‍റെ അടുത്ത റിലീസ്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി ജീത്തുവിന്‍റെ ആവശ്യപ്രകാരമാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് ചിത്രം തിയറ്ററുകളില്‍ എത്തും.