ഡല്‍ഹി : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മാസ്ക് നിര്‍ബന്ധമാക്കി സിംഗപ്പൂരും ഇന്തോനേഷ്യയും.അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിര്‍ദേശം.
സുരക്ഷാ നടപടിയുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ ടെമ്ബറേച്ചര്‍ സ്കാനറും ഉറപ്പാക്കും. പ്രതിരോധശേഷി കുറയുന്നതും വര്‍ദ്ധിച്ച യാത്രകളും ഉത്സവസീസണുകളില്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകളും കോവിഡ് കേസുകളുടെ വര്‍ധനവിനിടയാക്കിയെന്നും സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ പറയുന്നു.
കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നടക്കമുള്ള നിയന്ത്രണങ്ങളാണ് ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഡോസ് വാക്സിനെടുക്കാനും മാസ്ക് കൃത്യമായി ധരിക്കാനും കൈകള്‍ എപ്പോഴും വൃത്തിയായി കഴുകാനും അസുഖം ബാധിച്ചാല്‍ വീട്ടിലിരിക്കാനും ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ചില അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ തെര്‍മല്‍ സ്കാനറുകള്‍ പുനഃസ്ഥാപിച്ചതായി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മലേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകള്‍ ഇരട്ടിയായി, ഡിസംബര്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ 6,796 ആയി വര്‍ധിച്ചു, കഴിഞ്ഞ ആഴ്ച 3,626 ആയിരുന്നു.എസ്സിഎംപി റിപ്പോര്‍ട്ട് അനുസരിച്ച്, വ്യാപനം നിയന്ത്രണ വിധേയമാണെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചിരുന്നു.