ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ആരംഭിക്കാൻ ബഹുരാഷ്ട്ര കമ്പനിയുമായി കരാർ ഒപ്പിട്ടതായി ജിദ്ദ വിമാനത്താവള കമ്പനി അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സമാനമായ നിലയിൽ ഷോപ്പുകൾ നടത്തുന്ന പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിലൊന്നുമായാണ് കരാർ. ജിദ്ദ വിമാനത്താവളത്തിൽ 10,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണത്തിൽ ടെർമിനൽ ഒന്നിലും നോർത്ത് ടെർമിനലിലും അന്താരാഷ്ട്ര ഡിപ്പാർച്ചർ ഏരിയയിലുമായി ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ഏരിയ ഒരുക്കുന്നതിന് ഏഴ് വർഷത്തേക്കാണ് കമ്പനിക്ക് വാണിജ്യ ഓപറേറ്റിങ് ലൈസൻസ് നൽകിയത്.
യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുകയെന്ന വിമാനത്താവള കമ്പനിയുടെ പുതിയ പദ്ധതികളുടെ ഭാഗമാണിത്.
ജിദ്ദ എയർപോർട്ട് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ എൻജി. റാഇദ് ബിൻ ഇബ്രാഹിം അൽ മുദൈഹിമും സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽ അസീസും പങ്കെടുത്ത ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്.
സൗന്ദര്യവർധക വസ്തുക്കൾ, ഫാഷൻ വസ്തുക്കളും വസ്ത്രങ്ങളും, ആക്സസറികൾ, മിഠായി തുടങ്ങിയ ഇനങ്ങളിലെ മികച്ച ബ്രാൻഡുകൾ ഒരു മേൽക്കൂരക്ക് കീഴിലൊരുക്കാൻ സൗദി വ്യാപാര മേഖലയിലെ വിദഗ്ധരോടൊപ്പം പരിചയസമ്പന്നരായ അന്താരാഷ്ട്ര ഡ്യൂട്ടി ഫ്രീ മാർക്കറ്റ് ഓപറേറ്റിങ് വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്നതാണ് കരാർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു