റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് സമീപം നിർമിക്കുന്ന ലോകോത്തര വിനോദ നഗരമായ ‘ഖിദ്ദിയ’യിൽ ഇ-സ്പോർട്സ് സോൺ പ്രഖ്യാപിച്ച് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി ഡയറക്ടർ ബോർഡ്. ലോകമെമ്പാടുമുള്ള കളിക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ആദ്യത്തെ മൾട്ടി യൂസിങ് ഗെയിമിങ്, ഇ-സ്പോർട്സ് മേഖലയായിരിക്കും ഇത്. ഗെയിമിങ്ങിനും ഇ-സ്പോർട്സിനും വേണ്ടിയുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഇത് ഉയർത്തും. ദേശീയ സംരംഭങ്ങളിലുടെ ഗെയിമിങ്, ഇ-സ്പോർട്സ് മേഖലക്ക് സൗദി കിരീടാവകാശി നൽകുന്ന പിന്തുണയുടെ അടുത്ത ചുവടുവെപ്പാണ് ഈ പ്രഖ്യാപനം. സമൂഹത്തിലെ മൂന്നിൽ രണ്ട് ഭാഗം ആളുകളുടെ താൽപര്യം ആകർഷിക്കുന്ന ഈ മേഖല രാജ്യത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യും.
ഗെയിമിങ്, ഇ-സ്പോർട്സ് അതിവേഗം വളരുന്ന കായിക വിനോദ മേഖലയാണെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽദാവൂദ് പറഞ്ഞു. ഇ-സ്പോർട്സ് മേഖലയെ വളർത്താനുള്ള സൗദി അറേബ്യയുടെ അഭിലാഷ പദ്ധതികളാണിതെല്ലാം.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട് പ്രധാന പരിപാടികളും ടൂർണമെൻറുകളും ആതിഥേയത്വം വഹിക്കുക എന്നതാണ് ഞങ്ങളുടെ ചുമതല. ഖിദ്ദിയയിലെ ഗെയിമിങ്, ഇ-സ്പോർട്സ് മേഖല ഇ-സ്പോർട്സ് പ്രഫഷനലുകൾക്ക് മാത്രമല്ല, വിവിധ ഗ്രൂപ്പുകളിലും പ്രായത്തിലുമുള്ള എല്ലാ ഇ-ഗെയിം പ്രേമികൾക്കും വേണ്ടിയുള്ളതാണ്. ഗെയിമിങിന്റെയും ഇ-സ്പോർട്സിന്റെയും ലോകത്തെ മൂർത്തമായ യാഥാർഥ്യമാക്കി മാറ്റുന്ന ഒരു പ്രദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ-സ്പോർട്സ് ആഗോള മത്സരങ്ങൾക്കുവേണ്ടി നാല് വേദികൾ
ജിദ്ദ: വർഷം മുഴുവനും ഇലക്ട്രോണിക് ഗെയിമിങ് മേഖലയിലെ ആഗോള ഇവൻറുകൾക്ക് ആതിഥേയത്വം വഹിക്കാൻ യോഗ്യമായ നാല് സ്റ്റേഡിയങ്ങൾ ഉൾപ്പെടുന്നതാണ് ഖിദ്ദിയയിലെ ഇ-ഗെയിമിങ് മേഖല. നാലിലും കൂടി 73,000 ഇരിപ്പിടങ്ങളുണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ഇ-സ്പോർട്സ് സ്റ്റേഡിയങ്ങളിൽ ഒന്നായിരിക്കും ഇക്കൂട്ടത്തിൽ ഒന്ന്. ലോകമെമ്പാടുമുള്ള എല്ലാ ഇ-സ്പോർട്സ് ഏരിയകളിലെ ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്ക്രീൻ സ്റ്റേഡിയത്തെ വേർതിരിക്കുന്നു.
ഇൗ സ്റ്റേഡിയങ്ങളോട് ചേർന്ന് ഗെയിമുകൾ, ഡൈനിങ്, വിനോദം എന്നിവയുടെ വ്യാപാരശാലകൾക്കായി ഒരു ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം മാറ്റിവെക്കും. ഇതും സ്റ്റേഡിയങ്ങളുമടക്കം അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ വലിപ്പത്തിലാണ് ഇ-സ്പോർട്സ് മേഖല ഒരുക്കുന്നത്. ഉന്നത നിലവാരമുള്ള പാർപ്പിട സൗകര്യങ്ങളും ഹോട്ടൽ മുറികളും ഇവിടെയുണ്ട്. താമസിക്കാനും ജോലി ചെയ്യാനും ഗെയിമുകളിൽ കളിക്കാനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ ഒരുങ്ങൂക.
ലോകമെമ്പാടുമുള്ള 25 ഇ-സ്പോർട്സ് ക്ലബുകളിലുള്ളവർക്ക് ഇവിടെ തങ്ങാനും കളിയിൽ പരിശീലനം നേടാനും മത്സരിക്കാനും സൗകര്യമുണ്ടായിരിക്കും. പ്രമുഖ ഇലക്ട്രോണിക് ഗെയിം ഡെവലപ്മെൻറ് കമ്പനികൾക്ക് 30ലധികം പ്രാദേശിക ആസ്ഥാനങ്ങൾ ഇവിടെ സ്ഥാപിക്കാൻ സൗകര്യമൊരുക്കും. ഖിദ്ദിയയിലെ ഗെയിമിങ്, ഇ-സ്പോർട്സ് സോൺ ഗെയിമിങ്ങിനും ഇ-സ്പോർട്സിനും വേണ്ടിയുള്ള ദേശീയ തന്ത്രത്തെ പിന്തുണക്കുന്നതാകും. 2030-ഓടെ രാജ്യത്തെ ഗെയിമിങ്ങിനും ഇ-സ്പോർട്സിനും ആഗോള കേന്ദ്രമാക്കി മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വർഷത്തിൽ ഒരു കോടി സന്ദർശകരെയാണ് ഇവിടെ പ്രതീക്ഷിക്കപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു