കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയെ വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാര്‍വെ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പിടികൂടിയത് ഗോവയില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു വിരമിച്ച കോഴിക്കോട് സ്വദേശിയെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിര്‍മ്മിച്ച് ആശുപത്രി ചെലവിനെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്ത പരാതിയിലായിരുന്നു അന്വേഷണം. തട്ടിപ്പിനായി സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്സാപ്പ് അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സഹായം നല്‍കുകയും ചെയ്തത് ഇവര്‍ രണ്ടുപേരുമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ ഷെയ്ക്ക് മുര്‍ത്തുസാമിയ ഹയാത്ത് ഭായ് എന്നയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഗോവന്‍ കാസിനോകളില്‍ സ്ഥിരമായി ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്ന ഇവര്‍ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലും സമീപ സ്ഥലങ്ങളിലും കോഴിക്കോട് സിറ്റി സൈബര്‍ പൊലീസും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. മൊബൈല്‍ നമ്പറുകളും മൊബൈല്‍ ഫോണുകളും മാറി മാറി ഉപയോഗിക്കുകയും താമസ സ്ഥലങ്ങള്‍ നിരന്തരം മാറുകയും ചെയ്യുന്ന പ്രതികളെ ചൂതാട്ട കേന്ദ്രങ്ങള്‍ നിറഞ്ഞ ഗോവയിലെ പഞ്ചിമില്‍ നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. തട്ടിപ്പിന് ഉപയോഗിക്കുന്ന ആറ് മൊബൈല്‍ ഫോണുകളും 30 ല്‍ അധികം സിം കാര്‍ഡുകളും 10 ല്‍ അധികം എടിഎം കാര്‍ഡുകളും ബാങ്ക് ചെക്ക് ബുക്കുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു