ദുബൈ: ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചതോടെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വില കുതിച്ചുയർന്നു. ഏതാണ്ട് ആറു മടങ്ങോളമാണ് വില വർധിച്ചത്.
എട്ടു മുതൽ 10 ദിർഹം വരെയാണ് മൊത്തവില. ചെറുകിട വിപണികളിൽ ചിലയിടങ്ങളിൽ 11നും 12നും ഇടയിലാണ്. ഏകദേശം 250 രൂപയോളം വരുമിത്.
ഇന്ത്യയിലെ ചെറുകിട വിപണികളിൽ വിലവർധന പിടിച്ചുനിർത്താനായി അടുത്ത മാർച്ച് വരെയാണ് കേന്ദ്ര സർക്കാർ സവാളക്ക് കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയത്.
തീരുമാനം സവാള കയറ്റുമതിയെ കാര്യമായി ബാധിച്ചതായി അൽ സഫീർ എഫ്.എം.സി.ജി ഡയറക്ടർ അശോക് തുൽസ്യാനിയും സ്ഥിരീകരിച്ചു. വിപണിയിൽ സവാളവില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ആലോചിച്ചുവരുകയാണെന്ന് യു.എ.ഇയിലെ ചെറുകിട വ്യവസായരംഗത്തുള്ളവർ പറഞ്ഞു.
തുർക്കിയ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യക്ക് ബദലായി യു.എ.ഇയിലേക്ക് സവാള ഇറക്കുമതി ചെയ്യാറ്. പക്ഷേ, ഗുണമേന്മയും വിലയും അളവും പരിഗണിക്കുമ്പോൾ ഉപഭോക്താക്കൾ ഇന്ത്യൻ സവാളക്കാണ് മുൻഗണന നൽകാറ്. ഇന്ത്യൻ ഉള്ളിയുടെ ഡിമാൻഡ് മറികടക്കാൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്നും തുൽസ്യാനി പറഞ്ഞു.
ന്യൂഡൽഹിയിൽ സവാള വില കിലോക്ക് 70-80 രൂപയായി ഉയർന്നതോടെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) കയറ്റുമതി നയത്തിൽ മാറ്റം വരുത്തുകയും മാർച്ച് 31 വരെ സവാള കയറ്റുമതി നിരോധനം പ്രഖ്യാപിക്കുകയും ചെയ്തത്.
ഗൾഫിലെയും മറ്റ് ഉപഭൂഖണ്ഡങ്ങളിലെയും അയൽരാജ്യങ്ങളിലേക്ക് സവാള കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗൾഫ് ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ്.
തീരുമാനം വന്നതോടെ സവാളയുടെ ആവശ്യം നിറവേറ്റാൻ ബദൽ മാർഗങ്ങൾ തേടുകയാണെന്ന് അൽ മായ ഗ്രൂപ് ഡയറക്ടറും പങ്കാളിയുമായ കമൽ വചനി പറഞ്ഞു. ഈജിപ്തിൽനിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള ആലോചന നടന്നുവരുകയാണെന്നും നിലവിൽ തുർക്കിയയിൽനിന്ന് കൂടുതൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു