ഷാർജ: പെട്രോൾ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളായി പരിവർത്തിപ്പിക്കുന്ന പദ്ധതിക്ക് ‘ബീഅ’യും മലയാളി യുവസംരംഭകന്റെ പീക് മൊബിലിറ്റി എന്ന കമ്പനിയും ധാരണയിലെത്തി. ഷാർജ റിസർച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്സ് (സ്ട്രിപ്) കൂടി പങ്കാളിയായ കരാർ ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റി പ്രസിഡൻറും സ്ട്രിപ് ചെയർപേഴ്സനുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. ‘ബീഅ’ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ‘ബീഅ’ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അൽ ഖുറൈമൽ, പീക് മൊബിലിറ്റി സ്ഥാപകൻ സാക് ഫൈസൽ, സ്ട്രിപ് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഷാർജ ആസ്ഥാനമായി പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന മാലിന്യസംസ്കരണ, പരിസ്ഥിതി കമ്പനിയാണ് ‘ബീഅ’.
നേരത്തേ കോപ് 28ൽ പെട്രോൾ വാഹനങ്ങളെ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തി സാക് ശ്രദ്ധിക്കപ്പെട്ടിരുന്നു. പെട്രോൾ വാഹനങ്ങൾ അഞ്ചു മണിക്കൂറിനകം ഇ.വിയായി മാറ്റുന്ന നൂതന കാഴ്ചപ്പാടാണ് ഇതിൽ അവതരിപ്പിച്ചത്. സുസ്ഥിര വികസന കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള സംരംഭം എന്ന നിലയിലാണ് ഈ സംവിധാനം നടപ്പാക്കുന്നതിന് ‘ബീഅ’യും സ്ട്രിപ്പും പീക് മൊബിലിറ്റിയുമായി കൈകോർക്കുന്നത്.
കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുള്ള യു.എ.ഇയുടെ നെറ്റ് സീറോ 2050 പദ്ധതിക്ക് അനുസൃതമായാണ് കരാർ ഒപ്പുവെച്ചത്. വാഹനനിർമാണ പ്രക്രിയയുടെ പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം എളുപ്പമാക്കുന്നതുമാണ് പദ്ധതി. കരാറിന്റെ അടിസ്ഥാനത്തിൽ ‘ബീഅ’യുടെ മാലിന്യശേഖരണ ട്രക്കുകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്ന പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ‘ബീഅ’യുമായും സ്ട്രിപ്പുമായും ചേർന്ന് ഷാർജക്ക് സുസ്ഥിര ഗതാഗത സംവിധാനം ഒരുക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് സാക് ഫൈസൽ പ്രതികരിച്ചു. പ്രമുഖ സംരംഭകനും കെഫ് ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഫൈസൽ കൊട്ടിക്കൊള്ളന്റെ മകനാണ് സാക് ഫൈസൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു