ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിൽ വനിതകൾ കാണികളായിയെത്തുന്നതിലെ വിലക്കുകൾക്ക് അയവ് വരുത്തി ഇറാൻ. രണ്ട് പ്രമുഖ ടെഹ്റാൻ ക്ലബ്ബുകളായ എസ്റ്റെഗ്ലാലും പെർസെപോളിസും തമ്മിലുള്ള ടെഹ്റാൻ ഡെർബി ഫുട്ബോൾ മത്സരം (ഇറാനീയൻ പേർഷ്യൻ ഗൾഫ് പ്രോ ലീഗ്) കാണാൻ സ്റ്റേഡിയത്തിൽ വനിതകൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടത് ശ്രദ്ധേയമായി.ഡിസംബർ 14 നായിരുന്നു മത്സരം.
ഇസ്ലാമിക നിയമപ്രകാരം സ്റ്റേഡിയിലെത്തി ഫുട്ബോൾ മത്സരം കാണുവാൻ ഇറാനിയൻ സ്ത്രീകൾ അനുവദിക്കപ്പെട്ടിരുന്നില്ല. ആഗോള തലത്തിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു. ഇതിൻ്റെ ഭാഗമായി ഓപ്പൺ സ്റ്റേഡിയമെന്നറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തകരും മുൻ ഇറാനിയൻ കായിക താരങ്ങളുടെ സംഘവും കഴിഞ്ഞ വർഷ (ഖത്തർ ലോകകപ്പ് ) ത്തെ ലോകകപ്പിൽ നിന്ന് ഇറാനെ വിലക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടിരുന്നു.
ഫുട്ബോൾ മത്സരം കാണാൻ വനിതകൾ അനുവദിക്കപ്പെടുന്നതിൻ്റെ ദിശയിൽ ആഗോള ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ഇറാനീയൽ അധികൃതരുമായി നിരന്തര കൂടിയാലോചനകളിലും ചർച്ചകളിലേർപ്പെട്ടു. ഡിസംബർ 14 ന് ടെഹ്റാൻ ഡെർബിയിൽ സ്ത്രീ ഫുട്ബോൾ പ്രേമികളുടെ പ്രവേശനത്തോടെ തങ്ങളുടെ ഇടപെടലുകൾ ഫലവത്താകുകയാണെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ സെപ്തംബറിൽ ന്യൂയോർക്കിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരമുണ്ടായി. ഇറാനിയൻ വനിതാ ഫുട്ബോളിന്റെ വികസനത്തെക്കുറിച്ചും ഫുട്ബോൾ സ്റ്റേഡിയങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യത്തെക്കുറിച്ചുമായിരുന്നു കൂടിക്കാഴ്ച്ചയിലെ മുഖ്യപ്രതിപാദ്യ വിഷയം. പെർസെപോളിസ് എഫ്സിയും എസ്റ്റെഗ്ലാൽ എഫ്സിയും തമ്മിൽ ഡിസംബർ 14 ന് നടന്ന ടെഹ്റാൻ ഡെർബി മത്സരത്തിന് ഏകദേശം 3000 സ്ത്രീകൾ കാണികളായിയെത്തിയെന്നതിൽ താൻ ഏറെ സന്തുഷ്ടനാണ്.
ഫിഫയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ പുരോഗമിക്കുന്ന സംഭാഷണത്തിൽ തൃപ്തിയുണ്ട് -ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാന്റിനോ സോഷ്യൽ മീഡിയിൽ കുറിച്ചു. താൻ ഉടൻ തന്നെ ഇറാൻ സന്ദർശിക്കുമെന്നും ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റ് റൈസിയെ ഒരിക്കൽ കൂടി കാണുമെന്നും ഇൻഫാന്റിനോ വ്യക്തമാക്കി.
ഫിഫ പ്രസിഡൻ്റ് ഇൻഫാന്റിനോയുയുടെ സമ്മർദ്ദ ഫലമെന്നോണം 2018ൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ചാമ്പ്യന് ലീഗ് ഫൈനൽ മത്സരം കാണാൻ ചുരുക്കം സ്ത്രീകൾ പ്രവേശിക്കപ്പെട്ടു. പിന്നീട് പക്ഷേ ഇക്കാര്യത്തിൽ പുരോഗതിയുണ്ടായതേയില്ല.
2022 മാർച്ചിൽ മഷാദിൽ ലെബനനെതിരെ ഇറാന്റെ ലോകകപ്പ് യോഗ്യതാ മത്സരം കാണുന്നതിനായ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ടു. ഇതിനെതിരെ സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധിച്ച വനിതാ ഫുട്ബോൾ ആരാധകരെ കുരുമുളക് സ്പ്രേ കൊണ്ടാണ് ഇറാനിയൻ ഭരണകൂടം നേരിട്ടത്. ഈ വീഡിയോയാകട്ടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇസ്ലാമിക് വസ്ത്രധാരണം അനുസരിക്കാത്തതിന്റെ പേരിൽ സദാചാര പൊലിസിന്റെ തടങ്കലിലായിരിക്കെ മഹ്സ അമിനി കൊല ചെയ്യപ്പെട്ടു. ഇതിനെതിരെ രാജ്യ വ്യാപകമായി അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ഖത്തർ ലോകകപ്പിൽ നിന്ന് ഇറാനെ ഒഴിവാക്കണമെന്ന ആഹ്വാനങ്ങളുയർന്നത്.