തിരുവനന്തപുരം: കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ പോലീസിനെതിരേ രൂക്ഷ പരാമർശവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാക്കാലത്തും പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
പോലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരുമെന്നും ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും സതീശന് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെഎസ്യു പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെയാണ് പിണറായിയുടെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത്. മുദ്രാവാക്യം വിളിച്ച രണ്ട് കെഎസ്യു നേതാക്കളെ ലോക്കല്‍ പോലീസെത്തി പിടിച്ചു മാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുദ്രാവാക്യംവിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു. എന്നാല്‍, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്മാന് ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു