ദമ്മാം: മാധ്യമപ്രവർത്തകനായ പി.എ.എം. ഹാരിസ് രചിച്ച ‘വിശ്വപൗരന് – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതി പ്രകാശനം ചെയ്തു. ചരിത്ര പണ്ഡിതൻ ഡോ. ഹുസൈൻ രണ്ടത്താണി പ്രകാശനം നിർവഹിച്ചു.
ചരിത്രത്തെ തമസ്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചുവിട്ടത്.
അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവഹിച്ചു പോന്നത്. ആത്മീയതയിൽ മാത്രമല്ല, സമൂഹിക രാഷ്ട്രീയ നവോത്ഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമ വ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു. കാലത്തിന് മങ്ങലേൽപിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമയായി അവർ നിറയുന്നത് അതുകൊണ്ടാണെന്നം ഡോ. ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ ദമ്മാം ചാപ്റ്റർ ദാർസിഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ. സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി. ടി.പി.എം. ഫസൽ, മൻസൂർ പള്ളൂർ, മജീദ് കൊടുവള്ളി, പ്രദീപ് കൊട്ടിയം എന്നിവർ സംസാരിച്ചു. ഹുസൈൻ രണ്ടത്താണിക്കുള്ള സംഘാടകരുടെ ഉപഹാരം ഡോ. സിദ്ധീഖ് അഹമ്മദും പി.എ.എം. ഹാരിസിന് ഡോ. ഹുസൈൻ രണ്ടത്താണിയും സമ്മാനിച്ചു. പി.എ.എം. ഹാരിസ് മറുപടിപ്രസംഗം നടത്തി. പി.ടി. അലവി സ്വാഗതവും അഷ്റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർഥനാ ഗാനം ആലപിച്ചു. ഡോ. സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ, നാച്ചു അണ്ടോണ, സി.പി. ശരീഫ്, മുഹ്സിൻ മുഹമ്മദ്, ഖിദ്ർ മുഹമ്മദ്, ഒ.പി. ഹബീബ്, അഷ്ഫാഖ് ഹാരിസ്, ഷബീർ ചാത്തമംഗലം, കരീം വേങ്ങര എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു