മുംബൈ: ഐപിഎല്‍ 2024 സീസണിന് മുമ്പ് വമ്പന്‍ മാറ്റവുമായി മുംബൈ ഇന്ത്യന്‍സ്. മുംബൈ ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സമ്മാനിച്ച ഇതിഹാസ നായകന് രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് ടീം വിവരം പുറത്തുവിട്ടത്.
2024 സീസണില്‍ ഹാർദികിന്റെ കീഴിലാകും മുംബൈ ഇന്ത്യന്‍സ് കളത്തിലിറങ്ങുക. ഗുജറാത്ത് ടൈറ്റന്‍സിനായി രണ്ട് സീസണില്‍ കളിച്ചതിന് ശേഷം ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിവന്നതോടെ ഭാവി ക്യാപ്റ്റനാകും എന്ന് ഉറപ്പായിരുന്നുവെങ്കിലും ഈ സീസണില്‍ തന്നെ ക്യാപ്റ്റന്‍സി മാറ്റം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല.
ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നും 2024 സീസണിൽ മുംബൈയെ ഹാർദിക് നയിക്കുമെന്നും മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ പ്രസ്താവനയിൽ പറഞ്ഞു. 2013 മുതൽ രോഹിത്തിനു കീഴിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
2013ൽ റിക്കി പോണ്ടിങ്ങിൽനിന്നാണ് രോഹിത് ശർമ മുംബൈയുടെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണിക്കൊപ്പം ഏറ്റവും കൂടുതൽ കിരീടനേട്ടം സ്വന്തമാക്കിയ ക്യാപ്റ്റനാണ് രോഹിത്. 10 സീസണുകളിൽ മുംബൈയെ നയിച്ച രോഹിത് ടീമിന് അഞ്ചു കിരീടവും സമ്മാനിച്ചാണു പടിയിറങ്ങുന്നത്. 12 മത്സരങ്ങളിൽനിന്നാണ് ധോണിയുടെ നേട്ടം.
2024 സീസണിലേക്കാണ് ഹര്‍ദികിനെ നായകനായി പ്രഖ്യാപിച്ചതെങ്കിലും ദീര്‍ഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു. ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു ഹർദിക്.
രണ്ടാമത്തെ സീസണിൽ ഒരിക്കൽകൂടി ടീമിനെ ഫൈനലിലേക്കു നയിച്ചു. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു