ഗാസ: ഗാസയിൽ വെടിനിർത്തലിന് അന്താരാഷ്ട്ര സമ്മർദം ശക്തമാകുമ്പോഴും ലോകത്തിന്റെ പൊതുവികാരത്തെ അവഗണിച്ച് വിജയം നേടുന്നതുവരെ യുദ്ധം തുടരാനുള്ള തീരുമാനത്തിലാണ് ഇസ്രായേൽ. വ്യാഴാഴ്ച ചേർന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ സംസാരിച്ച സ്പെയിൻ, ബെൽജിയം, മാൾട്ട, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികൾ വെടിനിർത്തൽ ആവശ്യം ശക്തമായി ഉയർത്തിയതും വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രായേലി കുടിയേറ്റക്കാർക്ക് വിസ നൽകില്ലെന്ന് യു.കെ പ്രഖ്യാപിച്ചതും ഇസ്രായേലിന് തിരിച്ചടിയായി.
എന്നാൽ, ഹമാസിനെ പൂർണമായി തകർക്കുന്നതുവരെ ഗസ്സയിൽ യുദ്ധം തുടരുമെന്നും അതിൽ ഒരു ചോദ്യവുമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു. തങ്ങളെ തടയാൻ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, തെക്കൻ ഗസ്സയിൽ ഈജിപ്തുമായുള്ള അതിർത്തിയിലെ റഫയിലും ഇസ്രായേൽ ആക്രമണം ശക്തമാക്കി. വടക്കൻ ഗസ്സയും മധ്യ ഗസ്സയും തകർത്ത ഇസ്രായേൽ സൈന്യം തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിക്കുന്നത് സ്ഥിതിഗതികൾ രൂക്ഷമാക്കും. റഫയിൽ കഴിഞ്ഞദിവസം രാത്രി രണ്ടു പാർപ്പിട സമുച്ചയങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
READ ALSO…ഹാദിയ നിയമവിരുദ്ധ തടങ്കലിലല്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
ഗസ്സയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 179 പേർ കൊല്ലപ്പെടുകയും 303 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് അഷ്റഫുൽ ഖുദ്ര പറഞ്ഞു. ഒക്ടോബർ ഏഴിനുശേഷം ഇതുവരെ 18,787 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 50,897 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു