ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പിന്റെ രണ്ടാം റൗണ്ടായ വെള്ളിയാഴ്ച രണ്ട് മത്സരം. ജിദ്ദയിലെ അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ വൈകീട്ട് 5.30 ന് ആരംഭിക്കുന്ന മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനിലെ ഉറവ റെഡും നവാഗതരായ മെക്സിക്കോയിലെ ലിയോണും ഏറ്റുമുട്ടും. രണ്ടാമത്തെ കളിയിൽ സൗദിയുടെ അൽഇത്തിഹാദും ഇൗജിപ്തിലെ അൽഅഹ്ലിയും തമ്മിലാണ് മത്സരം. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് ഈ മത്സരം.
ക്ലബ് ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള സാങ്കേതിക തയാറെടുപ്പുകൾ എല്ലാ ക്ലബുകളും പൂർത്തിയാക്കി. അൽഇത്തിഹാദ്, അൽഅഹ്ലി ടീമുകളുടെ പരിശീലകർ കടുത്ത മത്സരത്തിലുടെ വിജയിച്ച് സെമിഫൈനലിന് യോഗ്യത നേടാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. അൽഇത്തിഹാദ്, അൽഅഹ്ലി മത്സരത്തിൽ വിജയിക്കുന്ന ടീം സെമി ഫൈനലിൽ ബ്രസീലിയൻ ടീമായ ലുമിനൻസിനെ അടുത്ത തിങ്കളാഴ്ച രാത്രി ഒമ്പതിന് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നേരിടും. രണ്ടാം റൗണ്ടിൽ ഈജിപ്ഷ്യൻ അൽഅഹ്ലി ക്ലബ്ബിനെ നേരിടാനുള്ള തയാറെടുപ്പ് അൽഇത്തിഹാദ് ക്ലബ് ടീം ബുധനാഴ്ച തന്നെ ആരംഭിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ അൽ ഇത്തിഹാദാണ് വിജയിച്ചത്.
കിങ് അബ്ദുല്ല സിറ്റിയിലെ ജൗഹറ സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരം ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാണികളെത്തിയ കളിയെന്ന റെക്കോർഡ് നേടി. 50,248 പുരുഷ-വനിതാ ആരാധകർ ഉദ്ഘാടന മത്സരം കാണാനെത്തിയതായി ഫിഫ വ്യക്തമായി. ക്ലബ് ലോക കപ്പ് ടൂർണമെൻറ് മുമ്പ് ഉദ്ഘാടന മത്സരങ്ങളിൽ കണ്ടിട്ടില്ലാത്ത ഒരു പുതിയ റെക്കോർഡാണിതെന്നും അധികൃതർ വ്യക്തമാക്കി.
സൗദി ആതിഥേയത്വം വഹിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈജിപ്തിലെ അൽഅഹ്ലി ടീം. ചരിത്രത്തിൽ ഒമ്പതാം തവണയും തുടർച്ചയായി നാലാം തവണയും ലോകകപ്പിൽ പങ്കെടുക്കുന്ന ടീമാണ് അൽഅഹ്ലി. ഫിഫ ഔദ്യോഗിക വെബ്സൈറ്റിൽ അൽഅഹ്ലിയെയും ക്ലബ് ലോക കപ്പിലെ അതിെൻറ റെക്കോർഡിനെയും കുറിച്ച് ധാരാളം പരാമർശിച്ചിട്ടുണ്ട്. മത്സരത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന രണ്ടാമത്തെ ക്ലബ്ബാണെങ്കിലും ടൂർണമെൻറിെൻറ അവസാന മത്സരത്തിലെത്താൻ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്ന് ഫിഫ വെബ്സൈറ്റ് സൂചിപ്പിച്ചു. ന്യൂസിലാൻഡിലെ ഓക്ക്ലാൻഡ് സിറ്റിക്ക് ശേഷം ടൂർണമെൻറിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന രണ്ടാമത്തെ ക്ലബ് എന്ന സ്ഥാനം ശക്തമാക്കാനാണ് അൽഅഹ്ലി തയാറെടുക്കുന്നതെന്നും ഫിഫ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു