മനാമ: 52ാമത് ദേശീയദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. രാജ്യമെമ്പാടും ചുവപ്പും വെള്ളയും കലർന്ന ദീപാലങ്കാരങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വൻതോതിൽ ജനങ്ങളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും 16 മുതൽ 18 വരെ അവധിയാണ്.ഇന്ന് രാത്രി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കരിമരുന്നുപ്രയോഗം നടക്കും. ബഹ്റൈൻ പതാകയുടെ നിറത്തിലുള്ള വിളക്കുകളും പടൂകൂറ്റൻ ഡിസ്പ്ലേകളും ലാൻഡ്മാർക്കുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം നിറഞ്ഞുകഴിഞ്ഞു. വാഹനങ്ങൾ പതാകയുടെ നിറത്തിലുള്ള സ്റ്റിക്കറുകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള കടകളിൽ പതാക വിൽപന കാര്യമായി നടക്കുന്നുണ്ട്. 500 ഫിൽസ് മുതൽ 1.5 ദീനാർ വരെ വിലയുള്ള പതാകകൾ ലഭ്യമാണ്. പരമ്പരാഗത വസ്ത്രങ്ങളുടെയും മറ്റും കച്ചവടം വലിയതോതിൽ നടക്കുന്നുണ്ട്. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് (ബാക്ക)യുടെ ആഭിമുഖ്യത്തിൽ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവൽ തുടങ്ങിയിട്ടുണ്ട്.
23 വരെ മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രത്യേക സാംസ്കാരിക പരിപാടികൾ നടക്കും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിനും രാത്രി 10നും ഇടയിൽ നടക്കുന്ന ഈ വർഷത്തെ ഫെസ്റ്റിവലിൽ സംഗീതപരിപാടികൾ, കരകൗശല ശിൽപശാലകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയടക്കം ഉൾക്കൊള്ളിച്ചിട്ടുണ്ട്. പേളിങ് പാത്ത് വിസിറ്റേഴ്സ് സെന്റർ മുതൽ വടക്ക് സിയാദി മജ്ലിസ് വരെ ഉത്സവപ്രതീതിയാണ്.
കാമിൽ സഖറിയയുടെ ‘ആൻഡ് ഐ കീപ്പ് ഡീമാർക്കറ്റിങ്’ എക്സിബിഷൻ ബിൻ മാറ്റർ ഹൗസിൽ നടക്കും. അഹമ്മദ് മേട്ടറിന്റെ കലാരൂപങ്ങൾ ഹൗസ് ഓഫ് ആർക്കിടെക്ചറൽ ഹെറിറ്റേജിൽ എല്ലാ ദിവസവും നടക്കുന്ന പ്രദർശനത്തിൽ പ്രദർശിപ്പിക്കും. ജംഷീർ ഹൗസിൽ എല്ലാ ദിവസവും ‘മെറ്റീരിയൽ ആൻഡ് കൺസർവേഷൻ’ എന്ന പേരിൽ പ്രദർശനം നടക്കും. അൽ റിവാഖ് ആർട്ട് സ്പേസ് ആണ്. അമരത് ഫഖ്രോ I, ബ്ലോക്ക് 209 എന്നിവിടങ്ങളിൽ ‘ഐ വിഷ് ഐ വാസ് എ ഡോവ് ഓൺ എ സ്പാർ’ എന്ന രണ്ടു ഭാഗങ്ങളുള്ള പ്രദർശനവും സംഘടിപ്പിക്കുന്നു. ഡിസംബർ 23 വരെ എല്ലാ ദിവസവും വൈകീട്ട് ഏഴു മണിക്ക് ജംഷീർ ഹൗസിൽ മജ്ലിസ് ഉണ്ടായിരിക്കും. നിരവധി ക്രാഫ്റ്റ് വർക്ക്ഷോപ്പുകളും ദിവസേന നടക്കും. താമസക്കാരെയും പൗരന്മാരെയും സന്ദർശകരെയും പേളിങ് പാത്തിലേക്ക് ആകർഷിക്കാൻ നിരവധി ടൂർ പാക്കേജുകളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ദേശീയ ദിനാഘോഷ പരിപാടികൾ
മനാമ: രാജ്യത്തിന്റെ 52ാമത് ദേശീയ ദിനാഘോഷ പരിപാടികൾ വിവിധയിടങ്ങളിൽ നടക്കുന്നതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറിയിച്ചു. 16, 17 തീയതികളിൽ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ പൊതുജനങ്ങൾക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി 23 വരെ സംഘടിപ്പിക്കുന്ന ലയാലി മുഹറഖ് പരിപാടിക്ക് തുടക്കമായി. പൈതൃക ഗ്രാമത്തിൽ ഡിസംബർ 30 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്നുണ്ട്. ബഹ്റൈന്റെ ചരിത്രം മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്. ഡിസംബർ 31 വരെ വാട്ടർ ഗാർഡൻ സിറ്റിയിൽ ഫെസ്റ്റിവൽ സിറ്റി ആഘോഷ പരിപാടികൾ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിക്ക് കീഴിൽ ഒരുക്കിയിട്ടുണ്ട്. വിവിധ വിനോദ പരിപാടികളാണ് പൊതുജനങ്ങൾക്കായി ഇവിടെ സംഘടിപ്പിക്കുന്നത്. കൂടാതെ വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വിവിധ മന്ത്രാലയങ്ങളിലും വിദ്യാലയങ്ങളിലും ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
മനാമ: രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റുവടക്കമുള്ളവർ സന്നിഹിതരായിരുന്നു.
ശൂറ കൗൺസിലും പാർലമെൻറും സംയുക്തമായി ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെൻറ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവരും ശൂറ കൗൺസിൽ അംഗങ്ങളും പാർലമെൻറ് അംഗങ്ങളും ഇരു സഭകളിലെയും ജീവനക്കാരും പങ്കെടുത്തു. ചൈനയിലെ ബഹ്റൈൻ എംബസി ദേശീയ ദിനാേഘാഷ പരിപാടി സംഘടിപ്പിച്ചു. ചൈനീസ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും ചൈനീസ് കമ്പനി മേധാവികളും ചടങ്ങിൽ പങ്കാളികളായി. പരിപാടിയിലെത്തിയവർക്ക് ചൈനയിലെ ബഹ്റൈൻ അംബാസഡർ ഡോ. മുഹമ്മദ് ഗസ്സാൻ മുഹമ്മദ് അദ്നാൻ ശൈഖു അഭിവാദ്യങ്ങൾ നേർന്നു.
അർക്കാപിറ്റയിൽ വർണശബളമായ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ കമ്പനി മേധാവികളും ഉയർന്ന വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരാവുകയും ചെയ്തു. ബഹ്റൈൻ നാഷനൽ സ്പേസ് സയൻസ് അതോറിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി അടക്കമുള്ളവർ പങ്കാളികളായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു