കോഴിക്കോട് : വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഇക്കുറി ബിജെപി തന്നെ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.കഴിഞ്ഞ വട്ടം മത്സരിച്ച ബിഡിജെഎസില്‍ നിന്ന് വയനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. രാഹുലിനെതിരെ ശക്തമായ മത്സരം നടത്താനാണ് തീരുമാനമെന്നും കെ.സുരേന്ദ്രന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ വട്ടം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധി ജയിച്ച ലോക്സഭാ മണ്ഡലമാണ് വയനാട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായെത്തിയ രാഹുലിന് 7,06367 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന പിപി സുനീറിന് 2,74597 വോട്ടുകളാണ് ലഭിച്ചത്.
മൂന്നാം സ്ഥാനത്തായിപ്പോയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പളളിക്ക് കിട്ടിയതാകട്ടെ 78816 വോട്ടുകള്‍.രാഹുല്‍ ഗാന്ധിക്ക് കിട്ടിയതിന്റെ പത്തിലൊന്ന് വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി തകര്‍പ്പന്‍ വിജയം നേടിയപ്പോഴായിരുന്നു വയനാട്ടിലെ ഈ ദയനീയ പ്രകടനം. 2014നെ അപേക്ഷിച്ച് വയനാട്ടില്‍ രണ്ടായിരത്തോളം വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കുറയുകയും ചെയ്തു. ഇക്കുറി ഈ നാണക്കേട് മാറ്റാനാണ് ബിജെപി ശ്രമം. ഇതിനായാണ് ബിഡിജെഎസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത് രാഹുലിനെതിരെ നേര്‍ക്കുനേര്‍ പോരാടാനുളള ബിജെപി തീരുമാനം.
അതേസമയം, വയനാട്ടില്‍ രാഹുലിനെതിരെ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ ആലോചനകള്‍ തുടങ്ങിയിട്ടേ ഉളളൂ. പികെ കൃഷ്ണദാസ് അടക്കമുളള നേതാക്കളുടെ പേര് പരിഗണനയിലുണ്ട്. വയനാടിന് പകരമായി കോട്ടയം സീറ്റാണ് ബിഡിജെഎസ് ചോദിക്കുന്നത്. ഇക്കാര്യത്തിലും ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതേയുളളൂ. കഴിഞ്ഞ വട്ടം ഇടുക്കി, വയനാട്, തൃശൂര്‍, മാവേലിക്കര എന്നീ നാലു സീറ്റുകളായിരുന്നു ബിഡിജെഎസിന് ആദ്യം നല്‍കിയത്. എന്നാല്‍ തൃശൂരില്‍ മല്‍സരിക്കാനിരുന്ന തുഷാര്‍ വയനാട്ടില്‍ രാഹുലിനെതിരെ രംഗത്തിറങ്ങിയതോടെ തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.