ഐ.എസ്.എല്‍: പഞ്ചാബിനെ ഒറ്റഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്‌സ്

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ആറാം ജയം. ഐ ലീഗ് ചാംപ്യന്മാരായ പഞ്ചാബ് എഫ്.സിയെ അവരുടെ ഹോംഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം തോൽപിച്ചത്. 

പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെയും വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകമനോവിച്ചിന്റെയും അഭാവത്തിലാണ് ഡൽഹിയിൽ മഞ്ഞപ്പടയുടെ വിജയം.  51-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമെന്റാകോസ് നേടിയ പെനാല്‍ട്ടി ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ജയം. 

മത്സരത്തിന്റെ ആദ്യസമയം മുതല്‍തന്നെ ബ്ലാസ്റ്റേഴ്‌സ് അക്രമിച്ചു കളിച്ചെങ്കിലും ഒന്നാം പകുതിയില്‍ ഗോളൊന്നും പിറന്നില്ല. കേരളത്തിന്റെ മുന്നേറ്റങ്ങളെ പഞ്ചാബ് ഫലപ്രദമായി പ്രതിരോധിച്ചു. പക്ഷേ, രണ്ടാംപകുതിയുടെ ആദ്യ സമയത്തുതന്നെ ഗോള്‍വരള്‍ച്ചയ്ക്കു ശമനമുണ്ടായി. 48-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഗ്രീസ് താരം ഡയമെന്റാകോസ് വളരെ ശാന്തമായി അടിച്ചുകയറ്റി. കേരള ബ്ലാസ്‌റ്റേഴ്‌സ് 1-0 പഞ്ചാബ് എഫ്.സി. സീസണിലെ ഡയമെന്റാകോസിന്റെ അഞ്ചാംഗോള്‍.
  
ആദ്യ ഗോൾ വീണ ശേഷം തിരിച്ചടിക്കാൻ പഞ്ചാബ് പലതവണ ആഞ്ഞുപിടിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. ലൂകയുടെ ഹെഡറും വിൽമർ ജോർദന്റെ ഷോട്ടുകളുമെല്ലാം ലക്ഷ്യംതെറ്റിപ്പോയി. 65-ാം മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ഷോട്ട് മികച്ചൊരു സേവിലൂടെ പഞ്ചാബ് ഗോൾകീപ്പർ കിരൺ തടുത്തിട്ടു.
 
 

വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റഴ്‌സ്. 10 കളിയില്‍നിന്ന് ആറ് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സിന് 20 പോയിന്റ് ആണ്. ഒന്നാമതുള്ള ഗോവയ്ക്കും ഇതേ പോയിന്റ് തന്നെയാണ്. ഗോവയോടും മുംബൈയോടും അവരുടെ തട്ടകത്തിലേറ്റ തോൽവിയാണ് ടീമിനു തിരിച്ചടിയായത്.   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു