ന്യൂഡൽഹി: പാർലമെന്റിനുള്ളിൽ കടന്നുകയറി അക്രമം നടത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. ബിഹാർ സ്വദേശി ലളിത് ഝാ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പം ഒപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി.
ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പാര്‍ലമെന്റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്.
കൊല്‍ക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. ഭഗത് സിങ്ങിന്റെ ആശയങ്ങള്‍ ആകൃഷ്ടനാണ് ലളിത് രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാനുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അക്രമത്തിനു മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആറു പേരും പാര്‍ലമെന്റിനുള്ളില്‍ കടക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ രണ്ടു പേര്‍ക്കു മാത്രമാണ് പസ് ലഭിച്ചത്.
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനമായ ബുധനാഴ്ചയാണ് ലോക്സഭയില്‍ 2 യുവാക്കള്‍ കടന്നാക്രമണം നടത്തിയത്. അതീവ സുരക്ഷാ സന്നാഹങ്ങള്‍ മറികടന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ ഇവര്‍ സഭ സമ്മേളിക്കവേ സന്ദര്‍ശക ഗാലറിയില്‍നിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി (സ്മോക്ക് കാനിസ്റ്റര്‍) വലിച്ചു തുറന്ന് എറിയാന്‍ ശ്രമിക്കുകയും ചെയ്തു. സഭയില്‍ പുക പരന്നു. ആദ്യത്തെ പരിഭ്രാന്തിക്കു ശേഷം എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ കീഴടക്കി.
പാർലമെൻറിലെ സുരക്ഷ വീഴ്ചയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച അതീവ ഗുരുതരമെന്ന് അമിത് ഷാ പറഞ്ഞു. സ്പീക്കറുടെ നിർദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷത്തിന്റെ വിമർശനം ശക്തിപ്പെടുന്നതിനിടയിലാണ് അമിത്ഷായുടെ പ്രതികരണം വന്നത്. എന്നാൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്.
പാർലമെൻ്റ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. സുരക്ഷ കൂട്ടണം. രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള വിഷയമാക്കരുത് ഇതെന്നും രാവിലെ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതേസമയം, പാർലമെന്റിലെ സുരക്ഷാവീഴ്ചയില്‍ 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമർഷം രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു