അബൂദബി: എമിറേറ്റിൽ പുതിയ റഡാർ സംവിധാനം പ്രവർത്തനം തുടങ്ങിയതായി അബൂദബി പൊലീസ് അറിയിച്ചു. മൂന്നും കൂടിയ കവലകളിൽ ഓവർടേക് ചെയ്യുന്ന വാഹനങ്ങളെയും മറ്റു വാഹനങ്ങളുടെ മുന്നിലേക്ക് മറ്റ് റോഡുകളിൽനിന്ന് ഇറക്കുന്നവരെയും നിരീക്ഷിക്കുന്ന സംവിധാനമാണിതെന്നും പൊലീസ് വ്യക്തമാക്കി.
എക്സിറ്റ്-ഐ റഡാർ എന്നാണ് പുതിയ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. വാഹനമോടിക്കുമ്പോൾ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും പ്രധാനപാതയിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന കൊടുക്കാനും അംഗീകൃത ഇടങ്ങളിൽനിന്നല്ലാതെ റോഡുകളിലേക്ക് പ്രവേശിക്കാതിരിക്കാനും ബോധവത്കരണം നൽകുന്നതിനും എക്സിറ്റ് ഐ റഡാറിന്റെ ഉപയോഗം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ കാമറകൾ നിയമലംഘനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയില്ലെന്നും മറിച്ച് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ റോഡുകളില്‍ നൂറുകണക്കിന് റഡാറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്രഞ്ച് സാങ്കേതികവിദ്യ കമ്പനിയായ ഐ.ഡി.ഇ.എം.ഐ.എ, യു.എ.ഇ ആസ്ഥാനമായ അലയന്‍സ് ട്രാഫിക് സിസ്റ്റംസ് എന്നിവയുമായി യോജിച്ചാണ് അബൂദബി പൊലീസ് റഡാര്‍ സേവനം ഉപയോഗിക്കുന്നത്. ഡ്രൈവര്‍മാരുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഐ.ഡി.ഇ.എം.ഐ.എയുടെ റഡാര്‍ സംവിധാനം ഹൈ റെസല്യൂഷന്‍ കാമറകള്‍ ഉള്ളതും ഒരേസമയം നിരവധി പാതകള്‍ നിരീക്ഷിക്കാന്‍ ശേഷിയുള്ളവയുമാണ്. ഇതിനുപുറമെ കാലാവസ്ഥ നിരീക്ഷിക്കാനും ഈ റഡാറുകള്‍ക്ക് സാധിക്കും. അബൂദബിയിലെ റോഡുകള്‍ സുരക്ഷിതമാക്കുന്നതിനു പുറമേ ഗതാഗതം സുഗമമാക്കാനും റഡാറുകള്‍ സഹായിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു